ന്യൂഡൽഹി - പ്രധാനമന്ത്രിയുടെ ശ്രദ്ധ കോൺഗ്രസിനെ വിമർശിക്കുന്നതിൽ മാത്രമാണെന്നും രാജ്യം അഭിമുഖീകരിക്കുന്ന നിർണായക പ്രശ്‌നങ്ങളിൽ നരേന്ദ്ര മോഡിക്ക് മറുപടിയില്ലെന്നും നുണപ്രചാരണത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ ഗ്യാരണ്ടിയെന്നും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മോഡിയുടെ രാജ്യസഭയിലെ പ്രസംഗത്തിൽ രാജ്യം വൻ പ്രതിസന്ധി നേരിടുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളിലൊന്നു പോലും സ്പർശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.പി.എ സർക്കാരിനെക്കുറിച്ച് പ്രധാനമന്ത്രി തെറ്റായ കാര്യങ്ങളാണ് പറഞ്ഞത്. ഭരണഘടനയിൽ വിശ്വസിക്കാത്തവരാണ് കോൺഗ്രസിനോട് ദേശസ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും ഖാർഗെ പരിഹസിച്ചു.
മോഡി, ഇരുസഭകളിലും നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെ ശപിക്കുക മാത്രമാണ് ചെയ്തത്. പത്തുവർഷം അധികാരത്തിലിരുന്നിട്ടും അദ്ദേഹം തന്നെക്കുറിച്ച് പറയുന്നതിന് പകരം കോൺഗ്രസിനെ വിമർശിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്നും വിലക്കയറ്റത്തെക്കുറിച്ചോ തൊഴിലില്ലായ്മയെപ്പറ്റിയോ സാമ്പത്തിക അസമത്വത്തെക്കുറിച്ചോ അദ്ദേഹം മിണ്ടിയില്ല.
യഥാർത്ഥത്തിൽ സർക്കാറിന്റെ പക്കൽ ഒരു വിവരവുമില്ല. എൻ.ഡി.എ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് തന്നെ ഡാറ്റ ലഭ്യമല്ലാത്ത സർക്കാർ (ഡാറ്റാ നോട്ട് അവൈയ്‌ലബിൾ) എന്നാണ്. 2021-ലെ സെൻസസ് ഇതുവരെ നടത്തിയില്ല, തൊഴിൽ ഡാറ്റ ഇല്ല, ആരോഗ്യ സർവ്വേയും ഇല്ല. നുണകൾ പ്രചരിപ്പിക്കാനായി മോഡി സർക്കാർ എല്ലാ സ്ഥിതിവിവരക്കണക്കുകളും മറച്ചുവെക്കുന്നു. മോഡിയുടെ ഗ്യാരണ്ടി തന്നെ കല്ലുവെച്ച ഈ നുണ പ്രചാരണമാണ്. ഭരണഘടനയിൽ വിശ്വസിക്കാത്തവരും ദണ്ഡി മാർച്ചിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുക്കാത്തവരുമാണ് ഇന്ന് കോൺഗ്രസ് പാർട്ടിയോട് ദേശസ്‌നേഹം പ്രസംഗിക്കുന്നതെന്നും നാണമില്ലേയെന്നും ഖാർഗെ ചോദിച്ചു.