ചെന്നൈ - ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ മുൻ എം.എൽ.എമാരും ഒരു മുൻ എം.പിയും അടക്കം 15 നേതാക്കളെ ബി.ജെ.പിയിൽ എത്തിച്ച് സംസ്ഥാന നേതൃത്വം. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ എന്നിവരുടെ സാന്നിധ്യത്തിലാണ് 15 പേരും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പിക്ക് പരമ്പരാഗതമായി വലിയ ശക്തിയല്ലാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് നരേന്ദ്ര മോഡിയുടെ ജനപ്രീതിയാണ് നേതാക്കളുടെ ഈ വരവിന് പിന്നിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വരുന്ന ലോക്‌സഭയിൽ ബി.ജെ.പി 370 സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 കടക്കുമെന്നും മോഡി തന്നെ പ്രവചിച്ചിട്ടുണ്ട്. ഈ പുതിയ സീറ്റുകളിൽ പലതും തമിഴ്‌നാട്ടിൽ നിന്നായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.
ബി.ജെ.പിയിൽ ചേർന്ന നേതാക്കളിൽ ഭൂരിഭാഗവും എൻ.ഡി.എയുടെ മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ പാർട്ടിയിൽ നിന്നുള്ളവരാണ്. തുടർച്ചയായി മൂന്നാം തവണയും മോഡി അധികാരത്തിൽ വരുമെന്നും നേതാക്കളുടെ വരവ് ബി.ജെ.പിക്ക് കൂടുതൽ പ്രതീക്ഷ പകരുമെന്നും ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.