ന്യൂഡൽഹി - ചെറിയ നികേഷപങ്ങളിലൂടെ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത് മലയാളി സംരംഭകരുടെ അഭിമാനമായി മാറിയ പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് എന്തു പറ്റി? ഒരുകാലത്ത് 22 ബില്യൺ മൂല്യമുണ്ടായിരുന്ന ബൈജൂസിന് ഇന്ന് വരുമാനം വർധിക്കുന്നില്ലെന്നു മാത്രമല്ല, ദിനംപ്രതി നഷ്ടത്തിൽനിന്ന് കൂടുതൽ നഷ്ടത്തിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നതിന്റെ കണക്കുകളും വാർത്തകളുമാണ് പുറത്തുവരുന്നത്. 2020-21 കാലയളവിൽ കമ്പനിയുടെ നഷ്ടം 252 കോടിയായിരുന്നുവെങ്കിൽ ഇന്നത് 4,564 കോടിയായി ഉയർന്നുവെന്നാണ് കണക്കുകൾ.
കോടികളുടെ ആസ്തിയുണ്ടാക്കിയ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്നതിനിടെ, ഓഹരിയുടമകൾ കടുത്ത അഭ്യന്തര വെല്ലുവിളി ഉയർത്തുന്നിടത്തുവരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ബൈജൂസ് സ്ഥാപകരായ ബൈജു രവീന്ദ്രനെയും ഭാര്യ ദിവ്യ ഗോകുൽനാഥിനെയും പുറത്താക്കാനുള്ള നീക്കത്തിലാണ് ചില നിക്ഷേപകരെങ്കിലും.
ബൈജൂസ് ബ്രാൻഡിന് കീഴിലുള്ള തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ ആറോളം നിക്ഷേപകർ കമ്പനിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണം സ്ഥാപനത്തിന്മേലുള്ള ബൈജുവിന്റെയും ഭാര്യയുടെയും നിയന്ത്രണം അവസാനിപ്പിക്കാൻ അസാധാരണമായ നടപടിയിലേക്കു നീങ്ങുന്നതായാണ് റിപോർട്ടുകൾ. ഡച്ച് നിക്ഷേപ കമ്പനിയായ പ്രോസസിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകർ ഇ.ജി.എം നോട്ടീസ് നോട്ടീസ് നൽകി സാമ്പത്തിക ദുരുപയോഗവും മറ്റു പ്രതിസന്ധികളും പരിഹരിക്കാൻ ഡയരക്ടർ ബോർഡ് പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാന ആവശ്യവുമായി മറ്റു നിക്ഷേപകരും രംഗത്തുണ്ട്. ബൈജൂസിന്റെ 30% ഓഹരികൾ സംയുക്തമായി കൈകാര്യം ചെയ്യുന്ന ജനറൽ അറ്റ്‌ലാന്റിക്, സോഫിന, ചാൻ സക്കർബർദ്, പീക്ക് എക്‌സ് വി, സാൻഡ്‌സർ, ഔൾ എന്നീ കമ്പനികളും പ്രോസസിന്റെ വാദത്തെ പിന്തുണച്ചിട്ടുണ്ട്. അപ്പോഴും സ്ഥാപനം തിരിച്ചുവരുമെന്ന പ്രതീക്ഷ വിടാതെ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ് സി.ഇ.ഒ കൂടിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യയും.
ശതകോടീശ്വരനിലേക്കുള്ള തുടക്കം
മലയാളിയായ ബൈജു ബെംഗ്ലൂരുവിൽ തന്റെ സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് മുമ്പ് ഒരു മൾട്ടി നാഷണൽ ഷിപ്പിംഗ് കമ്പനിയിൽ സർവീസ് എൻജിനീയറായിരുന്നു. അവിടുന്നാണ് വിവിധ തലങ്ങളിലുള്ള കുട്ടികളെ കൂടുതൽ പഠനത്തിലേക്ക് ആകർഷിക്കുന്ന എഡ്യൂ ആപ്പുകളിലേക്കും അധ്യാപനത്തിലേക്കുമുള്ള അഭിനിവേഷമുണ്ടായത്.
പഠനം എളുപ്പത്തിൽ ആസ്വാദ്യകരമാക്കുന്നതിന്, വിവിധ ക്ലാസുകൾക്കും കോഴ്‌സുകൾക്കും ഏജ് ഗ്രൂപ്പുകളിലുമുള്ളവരെ ലക്ഷ്യമിട്ട് ബൈജൂസ് പുറത്തിറക്കിയ നിരവധി ഡിജിറ്റൽ എഡ്യു ആപ്പുകൾ നിറഞ്ഞ കൈയടി നേടി. അങ്ങനെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ കുട്ടിമുഖമായിരുന്നു ബൈജൂസിന്റെ എഡ്യൂ ആപ്പുകൾ. സ്‌കൂളുകളിലും കോളേജുകളിലും പെഡഗോഗിയിലെ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിച്ച ഈ ആപ്പുകൾക്ക് പൊടുന്നെ തന്നെ നല്ല സ്വീകാര്യത ലഭിച്ചു. 2011-ൽ തിങ്ക് ആൻഡ് ലേണിലൂടെ ബൈജൂസ് പുതിയ ചുവടുകൾക്ക് തുടക്കം കുറിച്ചെങ്കിൽ 2015ൽ ബൈജൂസ് ലേണിംഗ് ആപ്പും പുറത്തിറക്കി കൂടുതൽ വിപുലീകരിച്ചു. ഇത് കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മികച്ച സേവനമാണ് ഉറപ്പാക്കിയത്. 2019-ഓടെ, ബൈജൂസ് ഇന്ത്യയിലെ ആദ്യത്തെ എഡ്‌ടെക് യൂണികോൺ ആയി മാറുകയും മൂല്യം 1 ബില്യണിൽ എത്തുകയുമുണ്ടായി. അങ്ങനെ വിദ്യാഭ്യാസരംഗത്ത് നൂതന സമീപനത്തിലൂടെ രാജ്യത്തെ ആകർഷിക്കുന്ന സംവേദനാത്മക വീഡിയോകളിലൂടെ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പ്രിയങ്കരനായി മാറാൻ ബൈജൂസിന് കഴിഞ്ഞു. ഇന്ററാക്ടീവ് വീഡിയോകളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗം, ഷാരൂഖ് ഖാൻ, വിരാട് കോഹ്‌ലി അടക്കമുള്ള സെലിബ്രിറ്റികളെയും ഉപയോഗപ്പെടുത്തി ബൈജുവിന്റെ മൂല്യനിർണ്ണയം അഭൂതപൂർവമായ വളർച്ചയുണ്ടാക്കി, ലോകത്തിലെ ഏറ്റവും ചെലവേറിയ എഡ്‌ടെക് സ്റ്റാർട്ടപ്പായി മാറാനും ഇടയായി. 2020-ലെ ഫോർബ്‌സ് പട്ടികയിലെ നൂറു സമ്പന്നരുടെ പട്ടികയിൽ 2.3 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറാനും ബൈജുവിന് സാധിച്ചു.
ഓൺലൈൻ, ഓഫ്‌ലൈൻ വിദ്യാഭ്യാസ കോഴ്‌സുകൾ വാഗ്ദാനം ചെയ്തതിലൂടെ അതിന്റെ ജനപ്രീതി ബിസ്‌നസ്സിൽ വൻതോതിൽ വർധിക്കുകയും 2022ൽ ഇത് 22 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ എത്തുകയുമുണ്ടായി. എന്നാൽ, കഴിഞ്ഞ വർഷം, കമ്പനിയുടെ ജനപ്രീതിയും മൂല്യനിർണ്ണയവും കുത്തനെ ഇടിഞ്ഞതോടെ നിരവധി നിക്ഷേപകർ എഡ്‌ടെക് സ്ഥാപനത്തിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ഘട്ടത്തിലാണിപ്പോൾ സ്ഥാപനമുള്ളത്.
ബൈജൂസിന്റെ താഴ്ച എന്തുകൊണ്ട്? വില്ലനാര്?
അപ്രതീക്ഷിത നേട്ടങ്ങൾക്കും കുതിപ്പിനും പിന്നാലെ ബൈജൂസിന്റെ ഗ്രാഫിപ്പോൾ കടുത്ത താഴ്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രക്ഷുബ്ധമായ ഈ പതനം കാര്യങ്ങളെ എവിടെയെത്തിക്കുമെന്നതിൽ പലരും ഉത്കണ്ഠാകുലരാണ്. കോവിഡ് കാലത്ത് എല്ലാവരും പകച്ചനിന്നപ്പോൾ ദ്രുതഗതിയിലുള്ള വികാസമുണ്ടാക്കിയ കമ്പനിയിപ്പോൾ പകച്ചുനിൽക്കുയാണ്. പണമൊഴുക്ക് പ്രശ്‌നങ്ങളും 1.2 ബില്യൺ ഡോളർ വായ്പയുമായി ബന്ധപ്പെട്ട് കടക്കാരുമായുള്ള തർക്കങ്ങൾ അടക്കം ബിസ്‌നസ്സിൽ വൻ ഇടിവാണ് കമ്പനി അഭിമുഖീകരിക്കുന്നത്.
2023 ജൂണിൽ, ഡച്ച് ടെക് നിക്ഷേപകരായ പ്രോസസ് കമ്പനി ബൈജുവിന്റെ മൂല്യനിർണ്ണയം 75% വെട്ടിക്കുറച്ചത് ജീവനക്കാരുടെ പിരിച്ചുവിടലുകളിലേക്കും സാമ്പത്തിക ദുരുപയോഗ ആരോപണങ്ങളിലേക്കും കാര്യങ്ങളെത്തിച്ചു. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർക്ക് പി.എഫ് നൽകാത്തതിന് പരിശോധന നേരിടുകയും പരസ്യ കുടിശ്ശിക നൽകാത്തതിന് ഗൂഗിളും ഫേസ്ബുക്കും സസ്‌പെൻഡ് ചെയ്തതുമെല്ലാം ആഘാതം കൂട്ടി. ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ ആഗോള അംബാസഡറായി ഒപ്പുവെച്ചതടക്കം കമ്പനിക്ക് കീർത്തി കൂട്ടിയെങ്കിലും അധികം വൈകാതെ ആ നേട്ടങ്ങളൊന്നും പിടിച്ചുനിൽക്കാൻ സഹായിക്കുംവിധം ഉപയോഗപ്പെടുത്താനായില്ല. വൻ സാമ്പത്തിക ബാധ്യതകൾ വളർച്ച മന്ദഗതിയിലാക്കുകയും മാസങ്ങൾ നീണ്ട നിയമ തർക്കം കമ്പനിയിൽ പുതിയ വെല്ലുവിളികളുണ്ടാക്കുകയും രംഗം കൂടുതൽ വഷളാക്കാനും ഇടയാക്കി. ഇത് കൂടുതൽ തീവ്രമാകുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോഴും വാർത്തകളിൽ കാണുന്നത്.
ബൈജൂസിന്റെ വരുമാനം കൂടുന്നില്ലെന്നും ബാധ്യതകളിൽ വൻതോതിലുള്ള ഉയർച്ചയുമാണ് പ്രകടമാവുന്നത്. 2020-21നും ഇടയിലെ ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ നഷ്ടം 252 കോടിയിൽ നിന്ന് 4,564 കോടിയായി ഉയർന്നുവെന്നാണ് കണക്കുകൾ. ആക്രമണാത്മക വിപണന തന്ത്രങ്ങളും സാമ്പത്തിക കെടുകാര്യസ്ഥതയുമാണ് കമ്പനിയുടെ തകർച്ചയിലെ വില്ലൻ. പ്രധാന ഇവന്റുകളുടെയും സെലിബ്രിറ്റി അംഗീകാരങ്ങളുടെയും സ്‌പോൺസർഷിപ്പ് സാമ്പത്തിക നിലയെ കൂടുതൽ നഷ്ടത്തിലേക്ക് നയിച്ചുവെന്നും 2021ൽ 1.2 ബില്യൺ ഡോളറിന്റെ ലോൺ ഡിഫോൾട്ടിലേക്കുവരെ കാര്യങ്ങൾ എത്തിയെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.
ടചില നിക്ഷേപകർ ഉണർത്തുന്ന നിലപാടിന് കമ്പനിയും ഞങ്ങളുടെ ജീവനക്കാരും വലിയ വില കൊടുക്കേണ്ടി വരുന്നതായാണ് ബൈജൂസ് പറയുന്നത്. ഓഹരികളുടെ അവകാശ ഇഷ്യുവിലൂടെ നിലവിൽ 200 മില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്തരം മൂലധനസമാഹരണം 'വിജയകരമായ ഒരു വഴിത്തിരിവിന് സുപ്രധാനമാണെന്നും ഒന്നിലധികം ഓഹരി ഉടമകളിൽ നിന്ന് മൂലധന സമാഹരണത്തിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും' ബൈജു രവീന്ദ്രൻ പറയുന്നു. കമ്പനിയുടെ മൂല്യം വെറും 22.5 കോടി ഡോളറായി കണക്കാക്കിയാണ് നിക്ഷേപകരിൽനിന്ന് അവകാശ ഓഹരികളിറക്കി പണം സമാഹരിക്കുന്നത്. 2021ൽ 2,200 കോടി ഡോളർ മൂല്യമുണ്ടായിരുന്നതാണ് (ഏകദേശം 1.8 ലക്ഷം കോടി രൂപ) ഇപ്പോൾ 99 ശതമാനത്തിലധികം കുറഞ്ഞിട്ടുള്ളത്.
യഥാസമയം സാമ്പത്തിക റിപോർട്ടുകൾ ഫയൽ ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതും അതിന്റെ സ്ഥിരതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തി. 2021/22 സാമ്പത്തിക ഫലങ്ങൾ കമ്പനി ഫയൽ ചെയ്തത് ഒരു വർഷത്തോളം വൈകിയാണ്. ഇതേ തുടർന്ന് ഓഡിറ്ററും മൂന്ന് ബോർഡ് അംഗങ്ങളും സ്ഥാപനം വിട്ടു. അധികം വൈകാതെ 2023 നവംബറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ടെക്‌നോളജി ഓഫീസറും കമ്പനിയിൽനിന്ന് രാജിവച്ചു.
ജീവനക്കാരുടെ ശമ്പളത്തിനായി വായ്പ ഉറപ്പാക്കാൻ സ്ഥാപകന് വ്യക്തിഗത സ്വത്തുക്കൾ വരേ പണയപ്പെടുത്തേണ്ടി വന്നു. ഒരു ബില്യൺ ഡോളറിന്റെ നിലവിലെ മൂല്യനിർണ്ണയം അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വൻ ഇടിവാണുണ്ടാക്കിയത്.
വൻ പ്രതിസന്ധികളിൽനിന്ന് ഈ എഡ്യൂ ഭീമൻ എങ്ങനെയാണ് പിടിച്ചുനിൽക്കുകയെന്നും വളർച്ചയുടെ പുതിയ വഴി വെട്ടിത്തുറക്കുകയെന്നും കാത്തിരുന്നു കാണണം. കടുത്ത സാമ്പത്തിക ഇടിവും നിയമ നൂലാമാലകളുമെല്ലാം മറികടന്ന് കമ്പനി പഴയ പ്രതാപത്തിലേക്ക് എപ്പോൾ തിരിച്ചുകയറുമെന്ന ആധിയിലാണ് ബൈജൂസിനെ സ്‌നേഹിക്കുന്നവരും പിന്തുണക്കുന്നവരുമെല്ലാം.