വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് വിവാഹ മോചനത്തിന് കഴിയില്ല, ഏക സിവില്‍ കോഡ് ബില്ലില്‍ വിവാദ വ്യവസ്ഥകള്‍

ഡെറാഡൂണ്‍ - ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡ് ബില്ലില്‍ വിവാഹവുമായി ബന്ധപ്പെച്ച് വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് പുരുഷനോ, സ്ത്രീയ്‌ക്കോ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാനാകില്ലെന്നതാണ് ഒരു വ്യവസ്ഥ.  ഏത് മതാചാരപരമായ വിവാഹം നടത്തിയാലും, വിവാഹമോചനം ജുഡീഷ്യല്‍ നടപടിക്രമത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.  സ്ത്രീയോ പുരുഷനോ മതം മാറിയാല്‍ അത് വിവാഹമോചന ഹര്‍ജി നല്‍കുന്നതിന് കാരണമായി ഉപയോഗിക്കാമെന്നും ബില്ലില്‍ പറയുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി  നിലവില്‍ നിയമസഭയില്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. അതിനുശേഷം ബില്ലില്‍ വോട്ടെടുപ്പ് നടക്കും.
 
വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ബില്ലിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍ ഇവയാണ്.

വിവാഹസമയത്ത് പുരുഷന്റെ പ്രായം 21 വയസ്സും സ്ത്രീയുടെ പ്രായം 18 വയസ്സും ആയിരിക്കണം. സെക്ഷന്‍ 6 പ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇതില്‍ വീഴ്ച വരുത്തിയാല്‍ 20,000 രൂപ പിഴയും ചുമത്തും.  വിവാഹ മോചനത്തില്‍ കോടതി വിധി പ്രഖ്യാപിക്കുകയും ആ വിധിയ്ക്ക് എതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതൊരു വ്യക്തിക്കും പുനര്‍വിവാഹത്തിനുള്ള അവകാശം ലഭിക്കൂ.  നിയമവിരുദ്ധമായി വിവാഹം കഴിച്ചാല്‍ ആറുമാസം തടവും 50,000 രൂപ വരെ പിഴയും ലഭിക്കും. ഇതിനുപുറമെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിവാഹമോചനം നേടിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്.  
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള രണ്ടാം വിവാഹം ഇരുവരുടേയും പങ്കാളികളില്‍ ആരും ജീവനോടെ ഇല്ലെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ.  
വിവാഹിതരായിരിക്കെ പുരുഷനോ സ്ത്രീയോ മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് വിവാഹമോചനത്തിനുള്ള കാരണമായി ഉപയോഗിക്കാം.  ബലം പ്രയോഗിച്ചോ പ്രതികാര നടപടികളുടെ ഭാഗമായോ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വിവാഹമോചനത്തിനായി ഇരയ്ക്ക് കോടതിയെ സമീപിക്കാം.  ഒരു പുരുഷന്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ വിവാഹിതയായിരിക്കെ ആ സ്ത്രീ മറ്റൊരാളില്‍ നിന്ന് ഗര്‍ഭിണിയാകുകയാണെങ്കില്‍ വിവാഹമോചനത്തിന് കോടതിയില്‍ ഹര്‍ജി നല്‍കാം.  സ്വത്ത് സംബന്ധിച്ച് സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടായിരിക്കും. ഇതില്‍ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ല.

Latest News