ന്യൂഡൽഹി - രാജ്യത്ത് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണെമെന്ന നിർദേശത്തിന് ശേഷവും നടപടി പൂർത്തിയാക്കാത്തവരിൽ നിന്ന് 600 കോടി രുപ പിഴ ഈടാക്കിയതായി കേന്ദ്ര സർക്കാർ. 11.48 കോടി പെർമനന്റ് അക്കൗണ്ട് നമ്പറുകൾ ഇപ്പോഴും ബയോമെട്രിക് ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു.
2024 ജനുവരി 29 വരെ, ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഒഴികെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാനുകളുടെ എണ്ണം 11.48 കോടിയാണെന്ന് മന്ത്രി പങ്കജ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2023 ജൂലൈ 1 മുതൽ 2024 ജനുവരി 31 വരെ ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാത്തവരിൽ നിന്ന് 601.97 കോടി രൂപ പഴ ഈടാക്കിയെന്നും സഭയെ അറിയിച്ചു.
2023 ജൂൺ 30ന് ശേഷം പാൻകാർഡും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1,000 രൂപവീതം പിഴയായി സർക്കാർ ഈടാക്കിയ തുകയുടെ കണക്കുകളിലുള്ള വിശദീകരണത്തിലായിരുന്നു മന്ത്രിയുടെ മറുപടി. ആയിരം രൂപ ഫീസ് അടച്ച് പാൻ കാർഡ് വീണ്ടും ഉപയോഗിക്കാനാവുമെന്നും അധികൃതർ വ്യക്തമാക്കി.