Sorry, you need to enable JavaScript to visit this website.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

അബുദാബി-യു.എ.ഇയിലെ താമസക്കാര്‍ക്ക് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും അതിന്റെ ദുരുപയോഗം പ്രശ്‌നമാകുമെന്ന് രാജ്യത്തെ സൈബര്‍ സുരക്ഷാ മേധാവി മുന്നറിയിപ്പ് നല്‍കി.
ആളുകള്‍ വി.പി.എന്‍ ഉപയോഗിക്കുന്നത് പ്രശ്‌നമില്ലെന്നും അത് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്നും യു.എ.ഇ സൈബര്‍ സുരക്ഷാ മേധാവി മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.
സൈബര്‍ സുരക്ഷാ മേധാവിയെ ഉദ്ധരിച്ച് ഖലീജ് ടെംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വി.പി.എന്‍ ഡൗണ്‍ലോഡാണ് കഴിഞ്ഞ വര്‍ഷം നടന്നത്.  കോവിഡ് മഹാമാരി വര്‍ഷമായ 2020 ല്‍ 6.09 ദശലക്ഷമായിരുന്നു വി.പി.എന്‍ ഡൗണ്‍ലോഡ്. അറ്റ്‌ലസ് വി.പി.എന്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ വി.പി.എന്‍ അഡോപ്ഷന്‍ ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണിത്.
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനും  സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള 2021 ലെ 34ാം നമ്പര്‍ നിയമ പ്രകാരം, നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ക്കായി വി.പി.എന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. യു.എ.ഇ സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകളിലേക്കും കോളിംഗ് ആപ്ലിക്കേഷനുകളിലേക്കും  ഗെയിമിംഗ് ആപ്പുകളിലേക്കും പ്രവേശനം കിട്ടാന്‍ വി.പി.എന്‍ ഉപയോഗിച്ച് ഐ.പി വിലാസം മറച്ചുവെക്കുന്നതും കുറ്റകരമാണ്.
നിയമം ലംഘിക്കുന്നവര്‍ക്കും വി.പി.എന്നുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കും  അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍  ഇരുപത് ലക്ഷം ദിര്‍ഹം വരെ തടവും പിഴയും ലഭിക്കും.
വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ഫേസ്‌ടൈം, ഡിസ്‌കോര്‍ഡ്, ഐഎംഒ, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവയിലൂടെ ഓഡിയോ വീഡിയോ കോളുകള്‍ ചെയ്യാന്‍ യു.എ.ഇയിലും മറ്റ് ഗള്‍ഫ് നാടുകളിലും വി.പി.എന്‍  ഉപയോഗിക്കുന്നത് സാധാരണമാണെന്ന് നോര്‍ഡ് സെക്യൂരിറ്റി പറയുന്നു.
യുഎഇ താമസക്കാര്‍ കഴിഞ്ഞ വര്‍ഷം 6.1 ദശലക്ഷം വി.പി.എന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 1.83 ദശലക്ഷമാണ് വര്‍ധന. വി.പി.എന്‍ ഡൗണ്‍ലോഡ് എണ്ണത്തെ  രാജ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ്  വി.പി.എന്‍ ഉപയോഗിക്കുന്ന തോത് കണക്കാക്കുന്നത്. സെന്‍സര്‍ ടവര്‍, ആപ്പ്ട്വീക്ക് സേവനങ്ങള്‍ ഉപയോഗിച്ച് ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും വിപിഎന്‍ ഡൗണ്‍ലോഡ് ഡാറ്റ പുറത്തെടുത്തത്. 45 വലിയ വി.പി.എന്‍ ദാതാക്കളാണ് ഈ ഡാറ്റയില്‍ ഉള്‍പ്പെടുന്നത്.
സൈബര്‍ സുരക്ഷയില്‍ അപകടസാധ്യതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്നും  മുഹമ്മദ് അല്‍ കുവൈത്തി  പറഞ്ഞു. ഫിഷിംഗ് ഇ മെയിലുകള്‍ തയ്യാറാക്കുന്നതിനും  നുഴഞ്ഞുകയറാനുള്ള കോഡുകള്‍ സൃഷ്ടിക്കുന്നതിനും  എ.ഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  പങ്ക് വര്‍ധിക്കുന്നുണ്ടെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News