വിദേശത്തെ വില സ്ഥിരത, ഇന്ത്യൻ രൂപയുടെ തളർച്ച, വിവാഹ സീസൺ എന്നീ ഘടകങ്ങൾ ഇന്ത്യയിൽ സ്വർണ വില എക്കാലത്തേയും ഏറ്റവും വലിയ ഉയരങ്ങളിലെത്തിച്ചിരിക്കയാണ്. രാജ്യത്തെ സ്വർണ ഡിമാന്റിന്റെ പകുതിയും വിവാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ പ്രവണത 2024 ലും തുടരുമെന്നാണ് കരുതപ്പെടുന്നത്, പ്രത്യേകിച്ച് ഉത്സവ കാല സീസണിൽ. 2024ന്റെ ആദ്യ പാദത്തിൽ ആഭ്യന്തര സ്വർണ വിലയിൽ തിരുത്തൽ സാധ്യതയുണ്ടെങ്കിലും ഇന്ത്യൻ രൂപയുടെ ദുർബലാവസ്ഥയും ആഭരണ ഡിമാന്റിൽ തുടരുന്ന പ്രതീക്ഷയും വില പിടിച്ചു നിർത്താനാണിട. സ്വർണത്തിന്റെ ഭാവി ശുഭോദർക്കമാണെന്നു വേണം കരുതാൻ.
രണ്ടു വർഷത്തെ മോശം പ്രകടനത്തിനു ശേഷം 2023 ൽ സ്വർണം 15 ശതമാനത്തിലേറെ നേട്ടവുമായി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ആഗോള സംഘർഷങ്ങൾ, യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ തീരുമാനങ്ങൾ, യുഎസ് ഡോളറിന്റെ അസ്ഥിരത, ആഗോള സാമ്പത്തിക വളർച്ചയിലെ തളർച്ച എന്നീ കാരണങ്ങളാണ് സ്വർണ വിലയിലെ കുതിപ്പിനു നിദാനമായത്. സുരക്ഷിത ആസ്തി എന്ന ഖ്യാതിയുള്ള സ്വർണം, റഷ്യ-ഉക്രൈൻ യുദ്ധവും ഇസ്രായിൽ-ഫലസ്തീൻ സംഘർഷവും മൂലം ആഗോള വിപണിയിൽ പ്രശ്‌നങ്ങൾ സംജാതമായപ്പോൾ കൂടുതൽ തിളക്കം കൈവരിക്കുകയായിരുന്നു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് അതിന്റെ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് സ്വർണത്തെ ഏറ്റവും തുണച്ചത്. പണ നയത്തിൽ ഫെഡ് വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നൽകിയ സൂചനകൾ നിക്ഷേപകരെ സ്വാധീനിക്കുകയും സാമ്പത്തിക അസ്ഥിരതയ്‌ക്കെതിരെ വേലിയായി പ്രവർത്തിക്കാൻ സ്വർണത്തിന് അവസരം നൽകുകയും ചെയ്തു. പോയ വർഷം ഫെഡ് നാലു തവണ പലിശ നിരക്ക് ഉയർത്തിയെങ്കിലും 2024 ൽ പലിശ കുറയ്ക്കുമെന്നാണ് സൂചിപ്പിക്കപ്പെട്ടത്. ഇത് സുരക്ഷിത ആസ്തികളായ സ്വർണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപകരെ ആകർഷിച്ചു.
2023 ന്റെ ആദ്യ മൂന്നു പാദങ്ങളിൽ കേന്ദ്ര ബാങ്കുകൾ 800 ടൺ സ്വർണം വാങ്ങിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2022 ൽ ഇതേ കാലയളവിൽ വാങ്ങിയതിനേക്കാൾ 14 മടങ്ങ് അധികമാണിത്. വെല്ലുവിളികൾ നിറഞ്ഞ ആഗോള സാഹചര്യത്തിൽ കേന്ദ്ര ബാങ്കുകളുടെ സ്വർണത്തിലുള്ള ആശ്രയം വർധിക്കുമെന്നതിനാൽ 2024 ലും ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുരുക്കത്തിൽ, അന്തർദേശീയ വിപണിയിലെ സ്വർണ വില വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. യുഎസ് പണ നയം, ആഗോള സംഘർഷങ്ങൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ, ഓഹരികളുടെ പ്രകടനം, യുഎസ് ആസ്തികളുടെ മൊത്തത്തിലുള്ള പ്രകടനം എന്നിവയാണ് അവയിൽ പ്രധാനം.
ആഭ്യന്തര നിക്ഷേപകർ കൈവശമുള്ള സ്വർണം നിലനിർത്തുകയും വിപണിയിൽ വില കുറയുമ്പോൾ വാങ്ങി സൂക്ഷിക്കുകയും വേണം. എന്നാൽ വെള്ളി കൂടുതൽ കാലത്തേക്ക് കൈവശം വെയ്ക്കുന്നത് റിസ്‌ക് വർധിപ്പിക്കും. ആഗോള സാമ്പത്തിക ഘടകങ്ങളുടെ സങ്കീർണമായ പരസ്പര പ്രവർത്തനം വിലയേറിയ ലോഹങ്ങൾക്ക് പുതു വർഷത്തിൽ ഗുണകരമായിരിക്കുമെന്നാണ് പൊതുവേ കണക്കാക്കുന്നത്.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)