ഇന്ത്യൻ മാർക്കറ്റ് രണ്ടാഴ്ചകളിലെ തളർച്ചയ്ക്ക് ശേഷം തിരിച്ചു വരവ് കാഴ്ചവെച്ച ആവേശത്തിലാണ്. ആഭ്യന്തര ഫണ്ടുകൾ മുൻനിര ഓഹരികളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചത് റിലയൻസ് അടുക്കമുള്ളവയുടെ കുതിപ്പിന് അവസരം ഒരുക്കി. അതേ സമയം ബജറ്റ് പ്രഖ്യാപന വേളയിൽ മുൻനിര ഇൻഡക്‌സുകൾക്ക് നേരിട്ട തിരിച്ചടി തൊട്ട് അടുത്ത ദിവസം വിപണി നേട്ടമാക്കി. സെൻസെക്‌സ് 1385 പോയന്റും നിഫ്റ്റി സൂചിക 501 പോയന്റും പ്രതിവാര മികവിലാണ്.
അമേരിക്ക വാരാന്ത്യം ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന്റെ പ്രകമ്പനം തിങ്കളാഴ്ച ഏഷ്യൻ ഓഹരി വിപണികളെ പിടിച്ച് ഉലയ്ക്കാം.
ഈ അവസരത്തിൽ വിദേശ ഓപറേറ്റർമാർ ഇന്ത്യൻ മാർക്കറ്റിലും വിൽപനയ്ക്ക് മത്സരിച്ചാൽ താഴ്ന്ന തലങ്ങളിലേയ്ക്ക് സൂചിക പരീക്ഷണങ്ങൾക്ക് മുതിരാം.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്ര ബജറ്റ് അവതരണം ഓഹരി വിപണിയിൽ കാര്യമായ പ്രതികരണങ്ങൾ ഉളവാക്കിയില്ല. വിദേശ ഫണ്ടുകൾ വിൽപനയ്ക്ക് മുൻതൂക്കം നൽകിയിട്ടും രൂപ കരുത്ത് കാണിച്ചു. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 82.50 ലേയ്ക്ക് വൈകാതെ ശക്തി പ്രാപിക്കാം. ഇതിനിടയിൽ ബജറ്റ് നൽകുന്ന സൂചനകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ ആർബിഐ പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്താം. അതേ സമയം തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ ആദ്യം തന്നെ രാജ്യത്ത് പ്രവേശിക്കുന്ന സാഹചര്യം ഒത്തുവന്നാൽ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ 50 ബേസിസ് പോയന്റ് ഇളവ് പ്രഖ്യാപിക്കാം.
2024 പിറന്ന ശേഷം നിഫ്റ്റി സൂചിക നാല് തവണ റെക്കോർഡ് പുതുക്കി. കഴിഞ്ഞ ഒക്ടോബറിലെ താഴ്ന്ന തലമായ 18,838 ൽ നിന്നും ഏകദേശം 17 ശതമാനം മികവിൽ 22,126.80 വരെ ഉയർന്നു.
ബുൾ റാലിയുടെ ആക്കം കണക്കിലെടുത്താൽ മുന്നേറ്റം 21 ശതമാനം വരെ തുടരാം, അതായത് 22,793 പോയന്റിലേയ്ക്ക്.
നിഫ്റ്റി പിന്നിട്ടവാരം 21,352 പോയന്റിൽ നിന്നും തുടക്കത്തിൽ അൽപം തളർന്ന ശേഷമുള്ള തിരിച്ചുവരവിൽ സർവകാല റെക്കോർഡായ 22,126 വരെ കയറി. വാരാന്ത്യം ക്ലോസിങിൽ 21,853 ലുള്ള നിഫ്റ്റി തിങ്കളാഴ്ച 21,806 ലെ താങ്ങ് നിലനിർത്താൻ ക്ലേശിച്ചാൽ 21,736 ലേയ്ക്ക് ഇടിയാം. അതേ സമയം ഡെയ്‌ലി ചാർട്ട് വിശകലനം ചെയ്താൽ 21,511 - 21,169 ലുമാണ് സപ്പോർട്ട്. അനുകൂല റിപ്പോർട്ടുകൾ നിഫ്റ്റിയെ 22,160 -22,467 ലേയ്ക്ക് ഉയർത്താം.
സെൻസെക്‌സ് 70,700 ൽ നിന്നും 73,089 ലേയ്ക്ക് കയറിയ ശേഷം വാരാന്ത്യം 72,085 ൽ ക്ലോസിങ് നടന്നു. ഈ വാരം 70,982 ൽ താങ്ങും 73,138 ൽ പ്രതിരോധവുമുണ്ട്.
മുൻനിര ഓഹരിയായ ബി പി സി എൽ 17 ശതമാനം മികവിൽ 558 രൂപയായി ഉയർന്നു. അദാനി പോർട്ട് പത്ത് ശതമാനം മുന്നേറി 1261 രൂപയായി. ഒ എൻ ജി സി, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, എം ആന്റ് എം, ഹിൻഡാൽകോ, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക്, എസ് ബി ഐ, ആക്‌സിസ് ബാങ്ക്, വിപ്രോ, ഇൻഫോസീസ്, റ്റി സി എസ്, എച്ച് സി എൽ ടെക്കിലും വാങ്ങൽ താൽപര്യം ശക്തം. റിലയൻസ് ഓഹരി വെള്ളിയാഴ്ച ഒരവസരത്തിൽ 2950 രൂപ വരെ കയറിയ ശേഷം ക്ലോസിങിൽ 2915 ലാണ്. നവംബറിൽ 2322 രൂപയിലായിരുന്നു ആർ ഐ എൽ.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപ മികവിനുള്ള നീക്കത്തിലാണ്. 82.90 ലെ ടാർഗറ്റിൽ നിന്നും പുറത്ത് കടന്ന് 82.80 ലേയ്ക്ക് കരുത്ത് കാണിച്ച് വാരാന്ത്യം 82.88 ലാണ്.