ഹൈദരാബാദ്- ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിലും കൈയ്യുയര്‍ത്തുന്നതിലുമല്ല പൗരുഷമെന്ന് അസദുദ്ദീന്‍ ഉവൈസി. ഭാര്യയ്ക്ക് ദേഷ്യം വരുമ്പോള്‍ അതു സഹിക്കുന്നതാണ് പൗരുഷമെന്നും എ. ഐ. എം. ഐ. എം അധ്യക്ഷനും എം. പിയുമായ അസദുദ്ദീന്‍ ഉവൈസി ഉപദേശിക്കുന്നു.
പാര്‍ട്ടി സമ്മേളനത്തിലാണ് ഉവൈസി പ്രവര്‍ത്തകര്‍ക്ക് ഉദ്‌ബോധനം നല്‍കിയത്. പുരുഷന്മാര്‍ ഭാര്യമാരോട് നല്ലവരായിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇക്കാര്യം പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അത് പലരെയും വിഷമിപ്പിച്ചിരുന്നെന്നും ഉവൈസി വിശദമാക്കി. നിങ്ങളുടെ ഭാര്യ നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകുകയോ പാചകം ചെയ്യുകയോ നിങ്ങള്‍ക്ക് തല മസാജ് ചെയ്യുകയോ ചെയ്യണമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. വാസ്തവത്തില്‍, ഭാര്യയുടെ സമ്പാദ്യത്തില്‍ ഭര്‍ത്താവിന് അവകാശമില്ല. പക്ഷേ, ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ ഭാര്യക്ക് അവകാശമുണ്ട്'- ഉവൈസി ചൂണ്ടിക്കാട്ടി.
പാചകം ചെയ്യാത്തതിന്റെ പേരില്‍ ഭാര്യമാരെ വിമര്‍ശിക്കുന്നതും പാചകം ചെയ്തു മുമ്പിലെത്തിച്ചാല്‍ അതിലെന്തെങ്കിലും കുറവ് കണ്ടെത്തുകയും ചെയ്യുന്നതും പലരുടേയും സ്വഭാവമാണ്. ഭാര്യമാരോട് ക്രൂരമായി പെരുമാറുന്നവരും അവരെ തല്ലുന്നവരുമുണ്ട്. പ്രവാചകന്റെ യഥാര്‍ഥ അനുയായികളാണെങ്കില്‍ അദ്ദേഹം ഭാര്യമാരോട് എങ്ങനെയാണ് പെരുമാറിയതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യന്‍ തന്റെ ഭാര്യ ദേഷ്യപ്പെടുന്നെന്ന പരാതി പറയാനായി ഭരണാധികാരിയായ ഫാറൂഖ് ഇ അസമിനെ സന്ദര്‍ശിച്ച കഥയും അസദുദ്ദീന്‍ ഉവൈസി എടുത്തു പറഞ്ഞു. ഫാറൂഖ് ഇ അസമിന്റെ വീട്ടിലെത്തിയ അദ്ദേഹം അവിടേയും ഖലീഫയെ ഭാര്യ ശാസിക്കുന്നതാണ് കേട്ടത്. അതേ പരാതിയുമായാണ് താന്‍ വന്നതെന്ന് പിന്നീട് ഫാറൂഖ് ഇഅസമിനോട് പറഞ്ഞപ്പോള്‍ അവള്‍ തന്റെ ഭാര്യയാണെന്നും അവളാണ് തന്റെ വീടിന്റെ മാനം കാക്കുന്നതെന്നും തന്റെ കുട്ടികളെ പ്രസവിച്ചതെന്നും അവരെ പരിപാലിച്ച് വളര്‍ത്തുന്നെതും അവളും മനുഷ്യനാണെന്നും കോപത്തോടെ എന്തെങ്കിലും കാര്യം ഭാര്യ പറയുകയാണെങ്കില്‍ അക്കാര്യം താന്‍ ശ്രദ്ധിക്കുമെന്നും ഭരണാധികാരി മറുപടി നല്‍കി എന്നതായിരുന്നു കഥ.
ചിലര്‍ ഭാര്യ മറുപടി പറഞ്ഞാല്‍ ദേഷ്യപ്പെടുമെന്നും പലരും രാത്രി വൈകും വരെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും എന്നാല്‍ അവരെ വീട്ടില്‍ ഭാര്യമാരും അമ്മമാരും കാത്തിരിക്കുന്ന കാര്യം ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.