ന്യൂദല്‍ഹി- ബി.ജെ.പിയില്‍ ചേരാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. എഎപി എം എല്‍ എമാരെ ബി.ജെ.പിയില്‍ ചേരാന്‍ ബി ജെ പി ശ്രമം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയില്‍ അവര്‍ക്ക് ആശ്വാസമുണ്ടായേക്കാം. എന്നാല്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്, വളയാന്‍ പോകുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
തന്നോട് ബി.ജെ.പിയില്‍ ചേരാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അവര്‍ തന്നെ വെറുതെ വിടും. പക്ഷേ താനൊരിക്കലും ബി.ജെ.പിയില്‍ ചേരില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹിയില്‍ ഒരു സ്‌കൂളിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. എല്ലാ ഏജന്‍സികളേയും തങ്ങള്‍ക്ക് നേരെ തിരിച്ചുവിടുകയാണ് കേന്ദ്രം. നല്ല സ്‌കൂളുകള്‍ നിര്‍മിച്ചുവെന്നതാണ് മനീഷ് സിസോദിയക്കെതിരെ അവര്‍ കണ്ടെത്തിയ തെറ്റ്. നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിര്‍മിച്ചുവെന്നതാണ് സത്യേന്ദ്ര ജെയിന്‍ ചെയ്ത തെറ്റ്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലായിരുന്നു.