റഫാ- ഗാസയിൽ ഇസ്രായിൽ മിസൈലുകളും പോർവിമാനങ്ങളിൽനിന്നുള്ള നിരന്തര ബോംബാക്രമണങ്ങളും ആരംഭിക്കുമ്പോൾ സുഹൈല അഞ്ച് മാസം ഗർഭിണി. അന്നു മുതൽ യാതനകളുടെ ദിനങ്ങളാണ് ഈ യുവതിക്ക്, ഗാസയിലെ മറ്റെല്ലാ ജനങ്ങളെയും പോലെ. രാവും പകലും സ്‌ഫോടനങ്ങളുടെ ഭീകരശബദ്ങ്ങളും, ഫൈറ്റർ വിമാങ്ങളുടെ ഹുങ്കാരവും. കൺമുന്നിൽ കൂട്ട മരണങ്ങൾ, നിലവിളികൾ, പലായനം, പിന്നെയും പലായനം, ക്യാമ്പുകളിൽനിന്ന് ക്യാമ്പുകളിലേക്ക്... ഗർഭത്തിന്റെ ശാരീരിക അവശതകൾക്കുപുറമെ ഈ കഠിനമായ പരീക്ഷണങ്ങളും. ഒപ്പം ഉറ്റവരുടെ വേർപെടലിന്റെ വേദനയും.
ഒടുവിൽ കഴിഞ്ഞ ജനുവരി 20ന് സുഹൈല പ്രസവിച്ചു, ഒരു സ്‌കൂളിലെ ക്ലാസ് മുറിയിൽ. ഇപ്പോഴും അവിടെ തന്നെയാണ് അമ്മയും കുഞ്ഞും കഴിയുന്നത്. ആൾക്കൂട്ടത്തിൽ തിങ്ങിഞെരുങ്ങി, പ്രാണികളും ഈച്ചകളുമൊക്കെയായി അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ.
ഒറ്റ ഷെല്ലാക്രമണത്തിൽ എൺപതിലധികം പേർ തന്നെ മുന്നിൽ മരിച്ചുവീണതിന്റെ നടുക്കത്തിൽനിന്ന് സുഹൈല ഇനിയും മോചിതയായിട്ടില്ല. അതിനു പിന്നാലെ നുസൈലയും മറ്റ് കുടുംബാംഗങ്ങളും നുസൈറത്തിലെ ക്യാമ്പിലേക്ക് നടന്നുപോവുകയായിരുന്നു. ഒരു സ്‌കൂളാണ് ക്യാമ്പായി മാറ്റിയത്. ഇവിടെ ഒരു മുറിയിൽ സുഹൈലക്കും ഇടം കിട്ടി. അന്നുമുതൽ അവിടെ കഴിയുകയാണ് ഈ യുവതി.
ഗാസയിലെ മിക്കവാറും എല്ലാ ഗർഭിണികളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് യു.എൻ പറയുന്നു. 23 ലക്ഷം ജനങ്ങളുള്ള ഗാസയിൽ അമ്പതിനായിരത്തോളം ഗർഭിണികളുമുണ്ടെന്നാണ് കണക്ക്. കുറഞ്ഞത് ദിവസം 180 പ്രസവങ്ങളെങ്കിലും നടക്കും. മിക്കവാറും ആശുപത്രികളെല്ലാം തകർന്നു. ഭാഗികമായി പ്രവർത്തിക്കുന്നവയിൽ ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ് എത്തുന്നവർക്ക് പോലും ചികിത്സിക്കാൻ വേണ്ട സൗകര്യങ്ങളില്ല. ഗർഭിണികൾക്ക് പ്രസവവും പരിചരണവുമെല്ലാം അഭയാർഥി ക്യാമ്പുകളിൽ.
പ്രസവം സങ്കീർണമാകുന്നവരെയാണ് ആശുപത്രികളിലേക്ക് കൊണ്ടുപോവുക. അല്ലെങ്കിൽ ക്യാമ്പുകളിൽ എത്തുന്ന ഡോക്ടർമാർക്കുമുന്നിൽ. അവിടെ അനസ്‌തേഷ്യയോ, വേദന സംഹാരി ഗുളികളോ പോലും ഇല്ലാതെ സിസേറിയൻ ശസ്ത്രക്രിയകൾ നടക്കുന്നതെന്ന് ചില എൻ.ജി.ഒകളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഗർഭിണികൾക്ക് പ്രാഥമിക പരിചരണം നൽകാനുള്ള സൗകര്യം പോലും ഗാസയിലെ ഒരാശുപത്രിയിലും ഇല്ല. നല്ല ഭക്ഷണമോ, വൃത്തിയുള്ള വസ്ത്രങ്ങളോ ഇല്ല. വടക്കൻ ഗാസയിലെ ഒരാശുപത്രി പോലും ഇപ്പോൾ പൂർണതോതിൽ പ്രവർത്തിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നു.
ഇതിനുപുറമെയാണ് ബോംബാക്രമണത്തിന്റെ ഭയാനക ശബ്ദത്തിലും ഘോരതയിലും ഗർഭം അലസിപ്പോവുകയും ശിശുക്കൾ വയറിനുള്ളിൽ മരിക്കുകയോ ചെയ്യുന്ന അവസ്ഥ. ഇങ്ങനെയുള്ള അവസ്ഥയിൽ കുഞ്ഞുങ്ങളെ പുറത്തെടുക്കാൻ ആശുപത്രിയിൽ സൗകര്യം ലഭിക്കാത്തതിനാൽ ഒരു മാസമായി വയറിൽ ചാപിള്ളയുമായി കഴിയുന്ന യുവതിയുടെ അനുഭവം ഈയിടെ ലോകാരോഗ്യ സംഘടനടയുടെ ഭാഗമായി ഗാസയിൽ സന്ദർശനം നടത്തിയ നോർവേക്കാരിയായ നഴ്‌സ് പറഞ്ഞിരുന്നു.
പോഷകാഹാരം പോയിട്ട് കഴിക്കാൻ എന്തെങ്കിലും കിട്ടുന്നത് തന്നെ ഗാസയിലെ ജനങ്ങൾക്ക് ഒരു ഭാഗ്യമാണിന്ന്. ഗർഭിണികളുടെ കാര്യവും വ്യത്യസ്തമല്ല. ശുദ്ധജലം കിട്ടാക്കനിയാണവിടെ. വിശന്നുവലഞ്ഞ കുഞ്ഞുങ്ങൾ എന്തെങ്കിലും കഴിക്കാൻ കിട്ടുമോയെന്ന് ചപ്പുചവറകൾക്കിടയിൽ പരതുന്നു. യുദ്ധവും ഇസ്രായിലിന്റെ കടുത്ത ഉപരോധവും മൂലം ഗാസയിലെ ജനങ്ങൾ മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് യു.എൻ ഏജൻസികൾതന്നെ ലോകത്തിന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)