*ഇത് തുടക്കം മാത്രമെന്ന് ബൈഡൻ
*കൊല്ലപ്പെട്ടവരിൽ സിവിലിയന്മാരും
*അപലപിച്ച് ഇറാഖും സിറിയയും ഇറാനും ഹമാസും
അമേരിക്ക മേഖലയിൽ നാശം വിതക്കുന്നെന്ന് റഷ്യ
ബഗ്ദാദ്/ ദമാസ്‌കസ്- നാല് മാസം തികയുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് പുരോഗമിക്കവേ, മേഖലയിൽ യുദ്ധം വ്യാപിപ്പിച്ചുകൊണ്ട് ഇറാഖിലും സിറിയയിലും അമേരിക്കൻ ആക്രമണം. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ സിവിലിയന്മാരടക്കം 16 പേർ കൊല്ലപ്പെട്ടതായി ഇറാഖ് അറിയിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇറാൻ പിന്തുണയുള്ള സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രണമെന്നാണ് അമേരിക്ക പറയുന്നത്. കഴിഞ്ഞയാഴ്ച ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടതിന് തിരിച്ചടിയാണ് ഈ ആക്രമണം. തിരിച്ചടി ആരംഭിച്ചിട്ടേ ഉള്ളൂവെന്നും ഞങ്ങൾ ആഗ്രഹിക്കുന്ന സമയത്തും സ്ഥലങ്ങളിലും അത് ഇനിയും തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണത്തെ ഇറാഖും സിറിയയും ഇറാനും റഷ്യയും ശക്തിയായി അപലപിച്ചു.
അമേരിക്കയുടേത് മേഖലയിൽ കുഴപ്പവും നാശവും വിതയ്ക്കുന്ന നടപടിയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സംഘർഷം കത്തിക്കാനേ ഈ ആക്രമണം കാരണമാവൂവെന്നും ഈ വിഷയം യു.എൻ രക്ഷാസമിതി പരിഗണിക്കണമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കറോവ പറഞ്ഞു.
ഇറാനെതിരെയാണ് ആക്രമണമെന്ന് അമേരിക്ക പറയുമ്പോഴും ഇറാന്റെ അതിർത്തിക്കുള്ളിൽ കടന്നല്ല ആക്രമണമെന്നത് ശ്രദ്ധേയമാണ്. അത്തരമൊരു ആക്രമണം യുദ്ധം അപകടകരമാംവിധം വ്യാപിക്കാൻ ഇടയാക്കുമെന്നതിനാൽ കരുതലോടെയാണ് അമേരിക്കയുടെയും ഇറാന്റെയും നീക്കങ്ങൾ. ഇറാൻ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡിന്റെ ഏഴ് സംവിധാനങ്ങളിലായുള്ള 85 ലേറെ ലക്ഷ്യങ്ങളിലേക്കാണ് യു.എസ് പോർവിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ഇതിൽ മൂന്നെണ്ണം ഇറാഖിലും നാലെണ്ണം സിറിയയിലുമാണ്. സിവിലിയൻ മരണം ഒഴിവാക്കുന്നതിനായി ശ്രദ്ധാപൂർവമായിരുന്നു ആക്രമണം നടത്തിയതെന്നും ആക്രമണ വിവരം ഇറാഖ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും കിർബി പറഞ്ഞെങ്കിലും ഇറാഖ് ശക്തിയായി നിഷേധിച്ചു. തങ്ങൾക്ക് വിവരം നൽകിയിരുന്നില്ലെന്നും അന്താരാഷ്ട്ര ജനവികാരത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് അമേരിക്കയുടേതെന്നും ഇറാഖ് ഗവൺമെന്റ് വക്താവ് ബാസ്സിം അൽ അവാദി പ്രതികരിച്ചു. ബഗ്ദാദിലെ യു.എസ് ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുമെന്നും ഇറാഖ് വക്താവ് അറിയിച്ചു.
മധ്യപൂർവ ദേശത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതിനേ അമേരിക്കയുടെ ആക്രമണങ്ങൾ കാരണമാവുകയുള്ളൂവെന്ന് സിറിയൻ വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. ആക്രമണത്തിൽ സിറിയയിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂലികളായ 23 പോരാളികൾ കൊല്ലപ്പെട്ടുവെന്നും മറ്റുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നുമാണ് യു.കെ ആസ്ഥാനമായ സിറിയൻ ഒബ്‌സർവേറ്ററി എന്ന സംഘടന പറയുന്നത്.
അമേരിക്കയുടെ മറ്റൊരു തന്ത്രപരമായ പിഴവാണിതെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസ്സർ കാനാനി കുറ്റപ്പെടുത്തി. ഇതുമൂലം മേഖലയിൽ അസ്ഥിരതയും സംഘർഷവും മൂർഛിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടേത് എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണെന്ന് ഹമാസ് പ്രതികരിച്ചു.
ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനികരെ എത്രയും വേഗം പിൻവലിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് യു.എസ് സൈന്യത്തിന്റെ ആക്രമണം. ഇത് മേഖലയിലെ യു.എസ് താവളങ്ങൾക്കു നേരെ കൂടുതൽ പ്രത്യാക്രമണങ്ങൾക്കും അതുവഴി യുദ്ധം വ്യാപിക്കാനും മാത്രമേ ഇടയാക്കുകയുള്ളൂവെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. ഗാസയിൽ നിഷ്ഠുര ആക്രമണം തുടരുന്ന ഇസ്രായിലിന് അമേരിക്കൻ നയങ്ങളിൽ പ്രതിഷേധിച്ചാണ് മേഖലയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ ലക്ഷ്യം വെക്കുന്നത്.
നിലവിൽ അമേരിക്കക്ക് ഇറാഖിൽ 2500 സൈനികരും സിറിയയിൽ 900 സൈനികരുമാണുള്ളത്. ഇറാഖി സർക്കാരിന്റെ ആവശ്യ പ്രകാരമാണ് അമേരിക്കൻ സൈനികർ തുടർന്നതെങ്കിലും സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാഖ് ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. എത്രയും വേഗം യു.എസ് സൈനികരെ പിൻവലിക്കണമെന്നും ഇതിന് സമയക്രമം നിശ്ചയിക്കണമെന്നും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനി ഈയിടെ ആവശ്യപ്പെട്ടിരുന്നു. സിറിയയിലെ യു.എസ് സൈനികർ സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കുർദ് മേഖലയിലും സിറിയ-ജോർദാൻ അതിർത്തിയിലുമാണുള്ളത്. ഐ.എസിനെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് യു.എസ് സൈനികർ അവിടെയെത്തിയത്. ഈ സൈനികരെ എത്രയും വേഗം പിൻവലിക്കണമെന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും ആവശ്യപ്പെടുന്നുണ്ട്.