മുംബൈ- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ രണ്ടാമത്തെ കുഞ്ഞിന് ഗർഭം ധരിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ്. അനുഷ്‌കയും തന്റെ ഉറ്റ സുഹൃത്ത് വിരാട് കോഹ്‌ലിയും ഈ വർഷം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിലെ തന്റെ ഫോളോവേഴ്‌സുമായി ഒരു ചോദ്യോത്തര സെഷൻ നടത്തുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കോലിയെ പറ്റിയുള്ള ചോദ്യത്തിനാണ് ഡിവില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.
'ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു. എനിക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല, എനിക്കറിയാവുന്നത് കോലി സുഖമായിരിക്കുന്നു എന്നാണ്. കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നു. അതാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ കുറച്ച് ടെസ്റ്റ് മത്സരങ്ങൾ നഷ്ടപ്പെടാൻ കാരണം. കോലിയുടെ രണ്ടാമത്തെ കുഞ്ഞ് വഴിയിലാണ്. ഇത് കുടുംബത്തിന്റെ സമയമാണ്-ഡിവില്ലിയേഴ്‌സ് പറഞ്ഞു. വിരാട് കോലിക്ക് എപ്പോഴും കുടുംബമാണ് ഒന്നാമത്
വ്യക്തിഗത കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിന്മാറിയിരുന്നു. ഇതേ കാരണത്താൽ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യും താരത്തിന് നഷ്ടമായിരുന്നു. അനുഷ്‌ക വീണ്ടും ഗർഭിണിയാണെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ താരദമ്പതികൾ ഇതുവരെ ഇത് സ്ഥിരീകരിച്ചിരുന്നില്ല.