ന്യൂഡൽഹി - രാജ്യത്തെ ഏറ്റവും വലിയ പേയ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ തലക്കടിച്ചുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയിൽ കമ്പനിക്ക് ശ്വാസം മുട്ടുന്നു. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആർ.ബി.ഐ ആവശ്യപ്പെട്ടതോടെ ഓഹരി വിപണിയിൽ പേടിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടായത്.
സാധാരണ ഉപയേക്താക്കളെ ബാധിക്കുക മാത്രമല്ല, കമ്പനിയുടെ വിപണി മൂലധനത്തെ സാരമായി ബാധിക്കുകയുമുണ്ടായി. രണ്ട് ബില്യൺ ഡോളർ, അതായത് 17,000 കോടി രൂപയുടെ ഇടിവാണ് രണ്ടുദിവസത്തിനിടെ പേടിഎമ്മിനുണ്ടായത്. ഇന്നലെ (ഫെബ്രുവരി രണ്ട്) വരെ പേടിഎമ്മിന്റെ വിപണി മൂലധനം ഏകദേശം 31,000 കോടി രൂപയായിരുന്നെങ്കിൽ അതിന്റെ ഐപിഒ മൂല്യം 19 ബില്യൺ ഡോളറിൽ നിന്ന് കുത്തനെ ഇടിഞ്ഞുവെന്നാണ് റിപോർട്ടുകൾ.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ അക്കൗണ്ടുകളിലോ ജനപ്രിയ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ രണ്ടുദിവസം മുമ്പാണ് ആർ.ബി.ഐ ആവശ്യപ്പെട്ടത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യു.പി.ഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങളോ സാധ്യമല്ലെന്നും പുതിയ ഉപയോക്താക്കളെ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കിയതോടെ ഇടാപാടുകാരിൽ ഏറെയും പേടിഎമ്മിനോട് രാജിയാവുകയാണ്. ഇത് കമ്പനിയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി കണ്ണുനീർ കുടിപ്പിക്കുന്ന സ്ഥിതിയിലാണെന്നാണ് റിപോർട്ടുകൾ. ഗുരുതരമായ ചട്ടലംഘനങ്ങളും മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് ആർ.ബി.ഐ നടപടി ക്ഷണിച്ചുരുത്തിയത്.