ന്യൂദല്‍ഹി- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്‌ലിം ന്യൂനപക്ഷ വിഭാഗം ഇത്രമേല്‍ ദ്രോഹിക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ലെന്നും ഏത് മത വിഭാഗത്തില്‍പ്പെട്ടവനാണെങ്കിലും അവരോട് വിരോധം വച്ചു പുലര്‍ത്തുന്ന സര്‍ക്കാറിന്റെ സമീപനം അവസാനിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഇന്ത്യയുടെ പല ഭാഗത്തും നരക തുല്യമായ അനുഭവങ്ങളാണ് മുസ്‌ലിം ന്യൂനപക്ഷം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ഗവണ്മെന്റിന്റെ മുഖമുദ്ര തന്നെ ന്യൂനപക്ഷ വിഭാഗത്തിന് എതിരായിട്ടുള്ള വിരോധമാണ്.
പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിച്ചു എന്നതാണ് ഈ ഗവണ്മെന്റ് അവകാശപ്പെടുന്നത്. അത് ശരി തന്നെ, എന്നാല്‍ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന പാര്‍ലമെന്റ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി , മീഡിയ, എന്നിവയുടെയെല്ലാം തന്നെ കാലുകള്‍ ദുര്‍ബലമാക്കിയതും ഈ ഗവണ്മെന്റ് തന്നെയാണ്. നമ്മുടെ പൂര്‍വ്വികര്‍ മൂന്ന് വര്‍ഷം കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ തലനാരിഴ ചര്‍ച്ച ചെയ്ത് നമുക്ക് ഒരു ഭരണഘടന ഉണ്ടാക്കിത്തന്നു. ഈ ഗവണ്മെന്റ് ആകട്ടെ അത് ഓരോന്നോരോന്നായി തകര്‍ക്കുകയാണ്.
നവഭാരത ശില്പികള്‍ നമുക്ക് പൊതുമേഖലയില്‍ ധാരാളം സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയല്ലാം ഉണ്ടാക്കിത്തന്നു.
ഈ ഗവണ്മെന്റ് അവയെല്ലാം തുച്ഛ വിലയ്ക്ക് വന്‍കിട ബിസിനസുകാര്‍ക്ക് വിറ്റഴിക്കുന്നു.
അയോധ്യയില്‍ രാമ മന്ദിരം ഉണ്ടാക്കിയ ആഘോഷത്തിലാണ് നിങ്ങള്‍. ഒരിക്കല്‍ ബാബരി മസ്ജിദ് തകര്‍ത്തവര്‍ തന്നെ ഇപ്പോള്‍ വീണ്ടും ഗ്യാന്‍വാപി മസ്ജിദിനു നേരെ തിരിഞ്ഞിരിക്കുകയാണ്.
ഈ ദല്‍ഹിയില്‍ തന്നെ 800 വര്‍ഷം പഴക്കമുള്ള ഒരു മസ്ജിദ് കഴിഞ്ഞ ദിവസമാണ് പൊളിച്ചത്. ബിജെപി നേതാക്കളും മന്ത്രിമാരും ഏകസിവില്‍ കോഡ്, പൗരത്വ നിയമം എന്നിവ വീണ്ടും കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നേരത്തെ ഇത് നടപ്പിലാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇന്ത്യയിലാകെ ആളിപ്പ ടര്‍ന്ന പ്രക്ഷോഭങ്ങള്‍ നമുക്ക് മറക്കാറായിട്ടില്ല.
അന്നത്തെ പ്രക്ഷോഭ സമരങ്ങളില്‍ രംഗത്ത് വന്ന ബഹുഭൂരിപക്ഷവും യുവാക്കള്‍ ആണെന്നുള്ളത് നമ്മള്‍ കണ്ടെതാണ്.
ഇന്നാട്ടിലെ മുസ്‌ലിംകളെ നിങ്ങള്‍ താഴ്ത്തിക്കാണരുത്. ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിലെ എല്ലാ മേഖലകളിലും എല്ലാ വളര്‍ച്ചയിലും വികാസത്തിലും അവരുടെ പങ്ക് വളരെ വലുതാണ്.
അവര്‍ ഇവിടെ ജനിച്ചവരും വളര്‍ന്നവരുമാണ്. അവരെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് നിങ്ങള്‍ കരുതരുത്. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഫലപ്രദമായ ചര്‍ച്ചയും നയ രൂപീകരണവും നടക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് യഥാര്‍ഥ്യമാകാന്‍ പോകുന്നില്ല.
ഈ ഗവണ്മെന്റിന് വിമര്‍ശകരോട് ശത്രുതയാണ്. എതിരാളികളെ നിശബ്ദരാക്കുന്നവരാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കെതിരെ ഈ സര്‍ക്കാര്‍ കള്ളക്കേസുകള്‍ ചുമത്തുകയും കേസുകളില്‍പ്പെടുത്തി പുറത്താക്കുകയും ചെയ്യുന്നുവെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു.