ന്യൂഡൽഹി - പേടിഎമ്മിന് പിന്നാലെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാൻസിന് പിഴ ചുമത്തി റിസർവ് ബാങ്ക്. ആർ.ബി.ഐയുടെ ചില നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ. അഞ്ചുലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി, ഹൗസിംഗ് ഫിനാൻസ് കമ്പനി എന്നിവയ്ക്കായുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 2022 മാർച്ച് 31 വരെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നാഷണൽ ഹൗസിംഗ് ബാങ്ക് നിയമപരമായ പരിശോധന നടത്തിയിരുന്നു. എന്നാൽ, മാനേജ്‌മെന്റിലെ മാറ്റത്തിന് പൂനെ കമ്പനി മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ലെന്ന് ആർ.ബി.ഐ അറിയിച്ചു.
എന്നാൽ, ഈ നടപടി നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി ഉപഭോക്താക്കളുമായുണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.