ഇന്ത്യ വിദേശ ഭീഷണി, തെരഞ്ഞെടുപ്പുകളില്‍  ഇടപെടുന്നു-കാനഡ 

ടൊറന്റോ-ഇന്ത്യയും കാനഡയും തമ്മിലെ ദീര്‍ഘകാല ബന്ധത്തിലുണ്ടായ അകല്‍ച്ച ദിനംപ്രതി വഷളാവുകയാണ്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് കാനഡ. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ സാദ്ധ്യതയുള്ള 'വിദേശ ഭീഷണിയായാണ്' ഇന്ത്യയെ കാനഡ വിശേഷിപ്പിച്ചിരിക്കുന്നത്.കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ആരോപണമുന്നയിച്ചത്. 2022 ഒക്ടോബറിലെ ''വിദേശ ഇടപെടലും തെരഞ്ഞെടുപ്പും; ദേശീയ സുരക്ഷാ വിലയിരുത്തല്‍' എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ വിദേശ ഭീഷണിയെന്ന് വിളിക്കുന്നത്. കാനഡയുടെ ജനാധിപത്യത്തെ വിദേശ ഇടപെടല്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതാദ്യമായാണ് ഇന്ത്യ തെിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതായി കാനഡ ആരോപിക്കുന്നത്. മുന്‍പ് ചൈനയും റഷ്യയും തിരഞ്ഞടുപ്പുകളില്‍ ഇടപെടുന്നതായി കാനഡ ആരോപിച്ചിരുന്നു. ചൈന ഏറ്റവും വലിയ ഭീഷണിയെന്നാണ് കാനഡ വിമര്‍ശിച്ചത്. ഇന്ത്യയെയും ചൈനയെയും വലിയ ഭീഷണിയെന്നാണ് കനേഡിയന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി. കാനഡയിലെ വാന്‍കൂവറില്‍ സിഖ് ഗുരുദ്വാരയ്ക്കു മുന്നില്‍ നിജ്ജര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂണിലാണ്. സെപ്റ്റംബര്‍ 18ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവിടത്തെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ നിന്നാണ് പ്രതിസന്ധികളുടെ തുടക്കം. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യാ ഗവണ്‍മെന്റിനും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇന്ത്യ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിജ്ജറിനെ കനേഡിയന്‍ പൗരന്‍ എന്ന് ട്രൂഡോ ആവര്‍ത്തിച്ച് വിശേഷിപ്പിക്കുകയും ചെയ്തു. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധം എന്നു വിശേഷിപ്പിച്ച് തള്ളിയ ഇന്ത്യ നിജ്ജറിന്റെ വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
 

Latest News