മുംബൈ - കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്ത് സമർപ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നല്കിയ ഹരജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി നായിക് പറഞ്ഞു.
ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന നടിയുടെ പരാമർശത്തിനെതിരെയാണ് ജാവേദ് അക്തർ മാനനഷ്ടക്കേസ് നൽകിയത്. കേസെടുത്തതോടെ നടിയും പരാതി നൽകിയിരുന്നു. ഈ ഘട്ടത്തിൽ ഹരജിയിൽ ആവശ്യപ്പെട്ട ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ നടപടി വൈകിപ്പിക്കാൻ നടി ബോധപൂർവം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തർ ആരോപിച്ചു. കങ്കണ വിവിധ കോടതികളിൽ ഒമ്പത് ഹരജികൾ നല്കിയെങ്കിലും അവയെല്ലാം തള്ളിയെന്നും ജാവേദ് അക്തർ ചൂണ്ടിക്കാട്ടി.
നേരത്തെ രണ്ട് കേസുകളും ക്രോസ് കേസുകളാണെന്ന് നടി കങ്കണ ഹരജിയിൽ വാദിച്ചിരുന്നില്ല. മാനനഷ്ടക്കേസ് അന്ധേരിയിലെ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അക്തറിനെതിരായ കങ്കണയുടെ പരാതി സെഷൻസ് കോടതി സ്റ്റേ ചെയ്യുകയാണെന്നും കോടതി വ്യക്തമാക്കി.