ന്യൂദല്‍ഹി- ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോഡി എക്‌സില്‍ കുറിച്ചു.
പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ഘട്ടത്തില്‍ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിഷയം സജീവമാക്കാനായി എല്‍.കെ അദ്വാനി സംഘടിപ്പിച്ച രഥയാത്ര ബി.ജെ.പിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
അടല്‍ ബിഹാര്‍ വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി. 2002 മുതല്‍ 2004 വരെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ഏഴാമത്തെ ഉപ പ്രധാനമന്ത്രിയായി രാഷ്ട്രത്തെ സേവിച്ചത്. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യസഭയിലും ലോക്‌സഭയിലുമായി പാര്‍ലമെന്റ് അംഗമായിരുന്നു അദ്വാനി.
ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയും ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയുംകൂടിയാണ് അദ്വാനി. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.