വിവാദങ്ങള്‍ക്കിടയിലും പ്രക്ഷേകരുടെ ഇഷ്ടനടനാണ് ഷെയ്ന്‍ നിഗം. മലയാളത്തിലെ നിരവധി വിജയചിത്രങ്ങള്‍ക്ക് പിന്നാലെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഷെയ്ന്‍. ദുല്‍ഖര്‍ സല്‍മാനാണ് ഷെയ്ന്‍ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് 'മദ്രാസ്‌കാരന്‍'. ആര്‍.ഡി.എക്‌സ് എന്ന ആക്ഷന്‍ ത്രില്ലറിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ഷെയ്‌നിന്റെ രംഗോലി എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹന്‍ദാസ് ആണ് 'മദ്രാസ്‌കാരന്‍' എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്. കലൈയരശന്‍, നിഹാരിക കൊണ്ടേല എന്നിവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.ജഗദീഷ് ആണ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. സുന്ദരമൂര്‍ത്തി സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രസന്ന എസ് കുമാറാണ്. രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയോടെയാണ് മദ്രാസ്‌കാരന്‍ ടീം ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ചത്. കുമ്പളങ്ങി നെറ്റ്‌സ്, ഇഷ്‌ക്ക്, ഭൂതകാലം, ആര്‍.ഡി.എക്‌സ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഷെയ്‌നിന്റെ കരിയറില്‍ മികച്ചതായുണ്ട്. ഈ ചിത്രവും കരിയറില്‍ ഒരു നാഴികക്കല്ലാകും.
മലയാളത്തില്‍ ഷെയ്ന്‍ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്‌സും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ എത്തുകയായിരുന്നു. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്.