അയോധ്യ- ജനുവരി 22 ന് നടന്ന പ്രതിഷ്ഠാ ചടങ്ങ് മുതല്‍ കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 11 കോടിയിലധികം രൂപയുടെ സംഭാവന അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ചു. ഒരേ സമയം 25 ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.
വഴിപാടുകളും സംഭാവനകളും 11 കോടി കവിഞ്ഞതായി ക്ഷേത്ര ട്രസ്റ്റിന്റെ ചുമതലയുള്ള പ്രകാശ് ഗുപ്ത പറഞ്ഞു. സംഭാവനപ്പെട്ടികളില്‍ എട്ട് കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടു. ചെക്കും ഓണ്‍ലൈനായി ലഭിച്ച തുക 3.50 കോടിയോളം രൂപയാണ്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതല്‍ എണ്ണുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും ഗുപ്ത പറഞ്ഞു.
ശ്രീകോവിലിനു മുന്നിലെ ദര്‍ശനപാതയ്ക്ക് സമീപം നാല് വലിയ സംഭാവനപ്പെട്ടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതില്‍ ഭക്തര്‍ തുക സംഭാവനയായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും ആളുകള്‍ സംഭാവന നല്‍കുന്നു. ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരെയാണ് സംഭാവന കൗണ്ടറില്‍ നിയമിക്കുന്നതെന്നും വൈകിട്ട് കൗണ്ടര്‍ അടച്ചശേഷം ലഭിച്ച സംഭാവന തുകയുടെ കണക്ക് ട്രസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് പേരും അടങ്ങുന്ന 14 പേരടങ്ങുന്ന സംഘമാണ് നാല് വഴിപാട് പെട്ടികളിലായി വഴിപാടുകള്‍ എണ്ണുന്നത്.