റാഞ്ചി-ഭരണ പ്രതിസന്ധി തുടരുന്ന ജാര്‍ഖണ്ഡില്‍ നിന്നു ഹൈദരാബാദിലേക്ക് പോകാനൊരുങ്ങിയ ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എംഎല്‍എമാരുടെ യാത്ര മുടങ്ങി. തിരിച്ചടി. മോശം കാലാവസ്ഥയെ തുടര്‍ന്നു റാഞ്ചി ബിര്‍സ മുണ്ട വിമാനത്തവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെയാണ് എം.എല്‍.എമാരുടെ യാത്ര മുടങ്ങിയത്.
സര്‍ക്കാരുണ്ടാക്കാന്‍ വ്യാഴാഴ്ചയും ഗവര്‍ണര്‍ ക്ഷണിക്കാതിരുന്നതോടെയാണ് ജര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍. അട്ടിമറി നീക്കം സംശയിച്ചു ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിലെത്തിയ എം.എല്‍.എമാര്‍ വിമാനത്തില്‍ കയറിയിരുന്നു. വിമാനം റദ്ദാക്കിയതോടെ തിരിച്ചിറങ്ങുകയായിരുന്നു.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് എല്ലാ വിമാനങ്ങളും റദ്ദാക്കിയത്. 43 എം.എല്‍.എമാരാണ് സംഘത്തിലുള്ളത്. അതിനിടെ ബിജെപി എന്തിനും ശ്രമിക്കുമെന്നു പിസിസി അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ ആരോപിച്ചു. എംഎല്‍എമാരെ ബിജെപി റാഞ്ചുന്നത് തടയാന്‍ ശ്രമിക്കുകയാണെന്നു ജെഎംഎമും പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജെഎംഎം നിര്‍ദ്ദേശിച്ച ചംപയ് സോറനും എംഎല്‍എമാര്‍ക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്നു.
ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ചംപയ് സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരുന്നതോടെയാണ് എംഎല്‍എമാരെ സംസ്ഥാനത്തു നിന്നു പുറത്തേക്ക് നീക്കാന്‍ ശ്രമം ആരംഭിച്ചത്. ചംപയ് സോറന്‍ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തും കൈമാറി. എന്നാല്‍ അനുമതി നല്‍കിയില്ലെന്നു അദ്ദേഹം പറഞ്ഞു.
നടപടികള്‍ ഉടന്‍ തുടങ്ങുമെന്നു രാജ്ഭവന്‍ വ്യക്തമാക്കി. 47 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഭരണ സഖ്യം ഗവര്‍ണര്‍ക്ക് നല്‍കി. എന്നാല്‍ തീരുമാനം അറിയിക്കാതെ ഗവര്‍ണര്‍ അവരെ മടക്കി അയച്ചു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.