ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ വകയിരുത്തിയ പണം പൂര്‍ണമായി ചെലവഴിക്കാതെ കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയില്‍ 1,16,417 കോടി രൂപ ചെലവഴിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ചെലവഴിച്ചത് 1,08,878 കോടി രൂപ മാത്രമാണെന്ന് നിര്‍മല സീതാരമന് ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജ്ജറ്റില്‍ വ്യക്തമാക്കുന്നു.
ആരോഗ്യമേഖലയില്‍ 88,956 കോടി രൂപ ചെലവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും 79,221 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും ഇടക്കാല ബജറ്റ് പറയുന്നു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ബജറ്റ് വിഹിതവും സര്‍ക്കാര്‍ പൂര്‍ണമായി ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 610 കോടി രൂപയായാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ ചെലവഴിച്ചത് 555 കോടി രൂപ മാത്രമാണ്്. പട്ടികജാതി വികസനത്തിനായുള്ള സമഗ്ര പദ്ധതിക്കായി ബജറ്റില്‍ അനുവദിച്ചത് 9,409 കോടിയായിരുന്നെങ്കില്‍ ചെലവഴിച്ചത് 6,780 കോടി രൂപയാണെന്നും ബജറ്റില്‍ പറയുന്നു. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 4,295 കോടി രൂപ വകയിരുത്തിയപ്പോള്‍ ചെലവഴിച്ചത് 3,286 കോടി രൂപയാണ്. മറ്റ് ദുര്‍ബല വിഭാഗങ്ങളുടെ വികസനത്തിനായുള്ള സമഗ്ര പദ്ധതിക്ക് ബജറ്റ് വിഹിതം 2,194 കോടി ആയിരുന്നെങ്കിലും ചെലവഴിച്ചത് 1,918 കോടി രൂപ മാത്രമാണെന്നു ഇടക്കാല ബജറ്റ് പറയുന്നു.