ന്യൂദല്‍ഹി- ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. സുരക്ഷയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്ക് വലയം തീര്‍ത്ത് കെട്ടിയിരുന്ന കയര്‍ കാരണമാണ് കാറിന്റെ ചില്ല് തകര്‍ന്നതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.
ബിഹാര്‍-ബംഗാള്‍ അതിര്‍ത്തിയില്‍ ഇന്ന് ഉച്ച ക്ക് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം ഉണ്ടായി എന്നായിരുന്നു വാര്‍ത്തകള്‍. രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റു നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ രാഹുലിനെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പെട്ടെന്ന് ഒരു സ്ത്രീ രാഹുലിന്റെ കാറിന് മുന്നില്‍ വന്നു. രാഹുലിനെ കാണാന്‍ വന്ന ആ സ്്ത്രീയെ കണ്ടു പെട്ടെന്ന് ബ്രേക്ക് ചെയ്തു. അതിനിടെ രാഹുലിന് സുരക്ഷാവലയം തീര്‍ത്ത് കെട്ടിയിരുന്ന കയറില്‍ തട്ടി കാറിന്റെ ചില്ല് തകരുകയായിരുന്നു- കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു.
ജനങ്ങളോട് ചെയ്യുന്ന അനീതിക്കെതിരെ നീതിക്ക് വേണ്ടി പോരാടുകയാണ് ജനകീയ നേതാവ് രാഹുല്‍ ഗാന്ധി. പൊതുജനം അവര്‍ക്കൊപ്പമുണ്ട്, പൊതുജനം രാഹുലിനെ സുരക്ഷിതരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കാറിന്റെ പിന്നിലെ ചില്ല് തകര്‍ന്നതിന് പിന്നാലെ രാഹുലിന്റെ യാത്ര പരാജയപ്പെടുത്താനാണ് കല്ലേറെന്നായിരുന്നു പ്രചാരണം. രാഹുലിന് സുരക്ഷ ഒരുക്കേണ്ട ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.