ന്യൂഡൽഹി - നാല് നൂറ്റാണ്ടിലേറെക്കാലം മുസ്‌ലിംകൾ പ്രാർത്ഥന നടത്തിയ അയോധ്യയിലെ ബാബരി മസ്ജിദ് നിലംപരിശാക്കിയതിനു പിന്നാലെ ഹിന്ദുത്വ ശക്തികളുടെ ഹിറ്റ്‌ലിസ്റ്റിലുള്ള രണ്ടു ആരാധനാലയങ്ങളാണ് വരാണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും.
ശ്രീരാമന്റെ ജന്മസ്ഥലമെന്ന് പറഞ്ഞ് 1984-ലാണ് ബാബരി മസ്ജിദ് ആരാധനക്ക് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്. 1990 ഒക്ടോബറിൽ പ്രക്ഷോഭകാരികൾ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾക്ക് മുകളിൽ കൊടി നാട്ടി. തുടർന്ന് 1992 ഡിസംബർ ആറിന് ഇന്ത്യൻ ജനാധിപത്യത്തെയും ജുഡീഷ്യറിയെയുമെല്ലാം കാഴ്ചക്കാരാക്കി കർസേവകർ പട്ടാപ്പകൽ പള്ളി തകർത്തു തരിപ്പണമാക്കുകയും ചെയ്തു. തുടർന്ന് വർഷങ്ങൾ നീണ്ട കോടതി നടപടികൾക്കു ശേഷം ബാബരി മസ്ജിദ് തർത്ത സ്ഥലത്ത് ക്ഷേത്രനിർമാണത്തിന് സുപ്രിംകോടതി അനുമതി നൽകുകയും ബാബരി മസ്ജിദിന്റെ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്നും അത് ക്ഷത്ര നിർമാണത്തിന് കൈമാറണമെന്നും വിധിച്ചു. പകരം മുസ്‌ലിംകൾക്ക് പള്ളി നിർമിക്കാൻ മറ്റൊരു സ്ഥലത്ത് അഞ്ചേക്കർ അനുവദിക്കാനും ഉത്തരവിട്ടു. 2019 നവംബർ ഒൻപതിലെ സുപ്രീംകോടതിയുടെ ഈ ചരിത്രവിധിയെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി ഉദ്ഘാടനവും നടത്തുകയുണ്ടായി.
ഇനി അതിന്റെ അടുത്ത പടിയാണ് ഹിന്ദുത്വശക്തികൾ നേരത്തെ ഉന്നയിച്ച, പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ ഗ്യാൻവാപി മസ്ജിദ്. അവിടെ ജില്ലാ കോടതിയിൽനിന്ന് പൂജക്കുള്ള അനുമതി ലഭിച്ചതോടെ തങ്ങളുടെ രാഷ്ട്രീയനീക്കങ്ങൾ വി.എച്ച്.പിയും സംഘവും ഇനി പൂർവാധികം ശക്തമാക്കുമെന്നുറപ്പാണ്.
എന്നാൽ ഇവിടെ, ബാബരി മസ്ജിദ് തകർച്ചക്കു മുമ്പേ രാജ്യത്തെ പാർല്ലമെന്റ് പാസാക്കിയ സുപ്രധാനമായ ഒരു നിയമത്തിന് നേരെയാണ് സംഘപരിവാറും അവരുടെ നിയമച്ചട്ടമ്പികളും വെല്ലുവിളി ഉയർത്തുന്നതെന്ന് പലരും മറന്നുപോകുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏത് മതവിഭാഗത്തിന്റെ ആരാധനാലായങ്ങളായാലും അവയുടെ സ്വഭാവം മാറ്റാൻ പാടില്ലെന്നും ആരാണോ നിലവിൽ അവിടെ ആരാധന നിർവഹിച്ചുവരുന്നത് അതനുസരിച്ചുള്ള സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്നതുമാണ് 1991-ൽ പാസാക്കിയ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച നിയമത്തിൽ പറയുന്നത്. ഇതിന് വിരുദ്ധമായ നീക്കങ്ങൾ, രാജ്യത്ത് വീണ്ടും കാലുഷ്യങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പാർല്ലമെന്റ് ഇത്തരമൊരു നിയമമുണ്ടാക്കിയതുതന്നെ. എന്നാൽ ബാബരിക്കുശേഷവും ഈ നിയമമൊക്കെ പച്ചക്കു വെല്ലുവിളിക്കുകയാണ്.
'രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും മതസ്വഭാവം 1947 ആഗസ്ത് 15 എന്ന തിയ്യതിയിലേതായിരിക്കുമെന്നും അതിൽ ഒരു മാറ്റവും വരുത്താൻ പാടില്ലെന്നുമാണ് 1991-ലെ ആരാധനാലായ സംരക്ഷണ നിയമത്തിലുള്ളത്.' അയോധ്യയിലെ ബാബരി മസ്ജിദിനെ മാത്രം ഈ നിയമത്തിൽനിന്ന് അന്ന് ഒഴിവാക്കിയിരുന്നു. (പ്രസ്തുത കേസ് പ്രത്യേകം നടക്കുന്നതിനാൽ മാത്രമാണ് അന്ന് ബാബരി മസ്ജിദിന് ഈ നിയമം ബാധകമാക്കാതിരുന്നത്. പിന്നീട് തൊട്ടടുത്ത വർഷംതന്നെ ബാബരി മസ്ജിദ് തകർക്കപ്പെടുകയുമുണ്ടായി.) മറ്റ് എല്ലാ ആരാധനാലായങ്ങൾക്കും ഈ നിയമം ബാധകമാണെന്നു പ്രത്യേകം വ്യക്തമാക്കിയിട്ടും പുതിയ പുതിയ അവകാശവാദങ്ങൾക്ക് കോടതി പോലും പച്ചക്കൊടി കാണിക്കുന്ന സാഹചര്യമാണുള്ളത്.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്യാൻവാപി പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ നേരത്തെ മുറവിളി കൂട്ടിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളിയിൽ ആരാധനയ്ക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് സ്വയംഭൂ ജ്യോതിർലിംഗ ഭഗവാൻ വിശ്വേശരനാണ് ആദ്യമായി 1991-ൽ വരാണസി കോടതിയിൽ ഹരജി നൽകിയത്. മസ്ജിദ് കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, ഇവിടെനിന്ന് മുസ്‌ലിംകളെ ഒഴിപ്പിക്കുക, മസ്ജിദ് തകർക്കുക എന്നിവയായിരുന്നു ഈ ഹരജിയിലെ പ്രധാന ആവശ്യങ്ങൾ. പിന്നീട്, 2019-ൽ പ്രദേശം മുഴുവൻ സർവ്വേ നടത്തണമെന്നാവശ്യപ്പെട്ട് ആദ്യ ഹരജിക്കാരനു വേണ്ടി റസ്‌തോഗി എന്ന വ്യക്തി ഹരജി നല്കിയതോടെ വിഷയം വീണ്ടും ലൈവായി. തുടർന്ന് 2021 ആഗസ്തിൽ അഞ്ച് ഹിന്ദു സ്ത്രീകൾ പള്ളി സമുച്ചയത്തിൽ ആരാധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർവ്വേ നടത്താനുള്ള ജില്ല കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയും മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളുകയായിരുന്നു.
2022 മെയിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്. കോടതി അനുമതിയെത്തുടർന്ന് ആഗസ്ത് നാലിന് സർവേ തുടങ്ങി. പിന്നീട്, പല തവണ കാലാവധി നീട്ടി വാങ്ങിയശേഷം ഇക്കഴിഞ്ഞ ഡിസംബർ 18ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) റിപോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിക്കുകയുണ്ടായി. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപോർട്ട് ഹരജിക്കാർക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്. ഈ സർവേ റിപോർട്ടിനെ തുടർന്ന് മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ശിവലിംഗമാണെന്നും അതിൽ 'സേവ പൂജ' നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്നുമാണ് ഹിന്ദു സംഘടനയുടെ ആവശ്യം. എന്നാൽ, നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്താനുപയോഗിക്കുന്ന വുദുഖാനയിലെ ജലധാരയാണ് ശിവലിംഗമെന്ന് അവകാശപ്പെടുന്നതെന്നാണ് മറു വാദം. അതിനിടെ, ഗ്യാൻവാപി മസ്ജിദ് വുദുഖാനയിലെ ശിവലിംഗം എന്നവകാശപ്പെടുന്ന ഭാഗത്തിന്റെ കാലപ്പഴക്കം കൂടി നിർണയിക്കാൻ എ.എസ്.ഐ സർവേ നടത്തണമെന്നാവശ്യപ്പെട്ട് നാല് വനിതകൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനു മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്നാണ് എ.എസ്.ഐ റിപോർട്ടിലുള്ളത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപോർട്ടിലുണ്ട്. എന്നാൽ എ.എസ്.ഐ റിപോർട്ടിനെ തള്ളുന്നതാണ് പള്ളി പരിപാലിക്കുന്ന അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങൾ. 600 വർഷങ്ങൾക്ക് മുമ്പ് ജൗൻപൂരിലെ ഭൂവുടമ നിർമിച്ചതാണ് പള്ളി. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് പള്ളി നവീകരിക്കുകയുണ്ടായി. പിന്നീട് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് പള്ളി കൂടുതൽ വിപുലീകരിച്ച് നവീകരണം നടത്തുകയും മുസ്‌ലിംകൾ ഏകദേശം 600 വർഷമായി ഇവിടെ നമസ്‌കാരം നിർവഹിക്കുന്നുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.
എന്തായാലും ജില്ലാ കോടതി വിധിയും എ.എസ്.ഐ റിപോർട്ടുമെല്ലാം വീണ്ടുമൊരു നിയമ യുദ്ധത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. ഒപ്പം ഇത് സമൂഹത്തിൽ വൈകാരികമായ ചർച്ചകളിലേക്കും കാര്യങ്ങളെത്തിക്കും. പ്രത്യേകിച്ചും 1991-ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കവേ, മുസ്‌ലിംകൾ ആരാധന നടത്തുന്ന ഒരു പള്ളി പൂജക്കു കൂടി തുറന്നുകൊടുക്കുന്നതോടെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും നിസ്സാരമാവില്ല. അതിനാൽ കൂടുതൽ ജാഗ്രതയോടെയും ചരിത്രബോധത്തോടെയും പ്രശ്‌നങ്ങളെ സമീപിക്കാൻ നിയമവൃത്തങ്ങൾക്കും ജുഡീഷ്യറിക്കുമെല്ലാം സാധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ബാബരി മസ്ജിദിന്റെ തനിയാവർത്തനമാണ് ഗ്യാൻവാപി മസ്ജിദിനുമുണ്ടാവുക.