ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാം, വിരമിച്ച ശേഷം പദവി വേണം; മുതിര്‍ന്ന ഐ.പി.എസ് ഓഫീസറുടെ കത്ത് പുറത്ത്

ലഖ്‌നൗ- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ സൂര്യ കുമാര്‍ ശുക്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. വിരമിച്ച ശേഷം ഏതെങ്കിലും ഉയര്‍ന്ന സര്‍ക്കാര്‍ പദവി നല്‍കണമെന്നും ജൂലൈ 23നയച്ച കത്തില്‍ യുപി ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ പദവി വഹിക്കുന്ന ശുക്ല ആവശ്യപ്പെടുന്നു. കത്ത് തിങ്കളാഴ്ചയാണ് ചോര്‍ന്ന് പുറത്തായത്. 'വിരമിച്ച ശേഷം ലഭിക്കാനിരിക്കുന്ന പെന്‍ഷന്‍ എനിക്കും കുടുംബത്തിനു മതിയായ തുകയാണ്. വിരമിച്ച ശേഷം ഞാന്‍ സജീവമായി താങ്കളുടെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു,' കത്തില്‍ ശുക്ല പറയുന്നു.

കത്തില്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ ഈ 1982 ബാച്ച് ഐ.പി.എസ് ഓഫീസര്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്. വിരമിച്ച ശേഷം ഉന്നത സര്‍ക്കാര്‍ പദവി സ്വന്തമാക്കാനാണ് ഇതെഴുതിയിരിക്കുന്നതെന്നും വ്യക്തമാണ്. താന്‍ മുഖ്യമന്ത്രിയുടെ ഒരു ആരാധകനാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന കത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയത്‌നിക്കുന്ന മുഖ്യമന്ത്രിയുടെ സത്യസന്ധതയും സേവന സന്നദ്ധതയും പോലീസ് ഓഫീസര്‍ എടുത്തു പറയുന്നു. യോഗി ആദിത്യനാഥ് തന്റെ മാര്‍ഗദര്‍ശകനും മാതൃകാ പുരുഷനുമാണെന്ന് പറയുന്ന ഈ പോലീസ് ഉദ്യോഗസ്ഥന് തനിക്ക് ബിജെപിയുടെ പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണ വിശ്വാസവും പ്രതിബദ്ധതയും ഉണ്ടെന്നും കത്തില്‍ പറയുന്നു.

വിരമിച്ച ശേഷം ഉന്നത സര്‍ക്കാര്‍ പദവി നല്‍കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തനിക്ക് സജീവമായി സഹായിക്കാനാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന നാലു പദവികളും കത്തില്‍ ശുക്ല പരാമര്‍ശിക്കുന്നുണ്ട്. ആസൂത്രണ കമ്മീഷന്‍ വൈസ് പ്രസിഡന്റ്, ഖാദി ഗ്രാം ഉദ്യോഗ് ബോര്‍ഡ് അധ്യക്ഷന്‍, ്‌സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തലവന്‍ എന്നീ പദവികളില്‍ ഏതെങ്കിലുമൊന്നില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഈ പദവികളെല്ലാം ഒരു മന്ത്രിയുടെതിനു തുല്യമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തന്റെ പ്രവര്‍ത്തി പരിചയമാണ് അധികയോഗ്യതായി ശുക്ല ചൂണ്ടിക്കാട്ടുന്നത്.

കത്ത് നിഷേധിക്കാനോ തള്ളിക്കളയാനോ ശുക്ല തയാറായിട്ടുമില്ല. പലസാഹചര്യങ്ങളിലും ഇത്തരം കത്തുകള്‍ എഴുതാറുണ്ടെന്നും വകുപ്പു തല കത്തുകളായതിനാല്‍ ഒരു തീരുമാനം ആകുന്നതു വരെ ഇവയുടെ ഉള്ളടക്കം മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും ശുക്ല ഹിന്ദി വാര്‍ത്താ ചാനലായ ഭാരത് സമാചാറിനോട് പറഞ്ഞു. വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഏതു സേവനം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലോ മറ്റു പാര്‍ട്ടികളിലോ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ശുക്ല പറഞ്ഞു.

നേരത്തെ രാമ ക്ഷേത്രം എത്രയും വേഗം പണിയുമെന്ന് പ്രതിജ്ഞയെടുത്ത് വിവാദത്തിലായ ഓഫീസറാണ് ശുക്ല. ജനുവരി 28-ന് ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ അഖില്‍ ഭാരതീയ സമഗ്ര വിചാര്‍ മഞ്ച് എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ശുക്ത രാമ ക്ഷേത്ര നിര്‍മ്മാണത്തിന് പ്രതിജ്ഞയെടുത്തത്. ഇതിന്റെ വിഡിയോ വൈറലായതാണ് വിവാദമുണ്ടാക്കിയത്.

Latest News