ചെന്നൈ- മുസ്‌ലിംകളോടും ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളോടും വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ) തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വിദേശ പര്യടനത്തിലുള്ള മുഖ്യമന്ത്രി സ്റ്റാലിന്‍ കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് തമിഴ്‌നാടിന്റെ നിലപാട് വ്യക്തമാക്കിയത്.
ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തുടനീളം സി.എ.എ നടപ്പാക്കുമെന്ന് ശന്തനു ഠാക്കൂര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമം വോട്ടിനിട്ടപ്പോള്‍ അനുകൂലിച്ച അണ്ണാ ഡി.എം.കെയെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിമര്‍ശിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.അണ്ണാ ഡി.എ.കെ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ അതൊരു നിയമമാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളോടും മുസ്ലിംകളോടും വിവേചനം കാണിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത ആഴ്ചക്കുള്ളില്‍ പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യത്തുടനീളം സി.എ.എ നടപ്പിലാക്കുമെന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ശന്തനു താക്കൂര്‍ തിങ്കളാഴ്ച അവകാശപ്പെട്ടത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാക്ദ്വീപില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ തമിഴ്‌നാട്ടില്‍ ഡി.എം.കെ പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിഎഎക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും നിയമനിര്‍മ്മാണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തുകയും ചെയ്തിരുന്നു. 2021 ല്‍ പാര്‍ട്ടി അധികാരമേറ്റ ശേഷം സിഎഎ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ പാസാക്കിയ കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമുദായിക സൗഹാര്‍ദത്തിന് വിരുദ്ധമായ ബിജെപി സര്‍ക്കാരിന്റെ നടപടികളും അണ്ണാ ഡിഎംകെയുടെ നാടകവും ജനങ്ങള്‍ കാണുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍ സി.എ.എ നടപ്പാക്കുന്ന പ്രശ്‌നമില്ലെന്ന് ആവര്‍ത്തിച്ചു.
ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചുള്ള അണ്ണാ ഡി.എം.കെയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെറും നാടകമാണെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്.