പെനിസില്‍വാനിയ - സര്‍ക്കാറിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ് മകന്‍ പ്രകടിപ്പിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സ്വന്തം പിതാവിനെ തലയറുത്ത് കൊന്ന് കൊണ്ട്. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരന്‍ മൈക്കലിനെ (68) മകന്‍ ജസ്റ്റിന്‍ മോഹ് (32) ആണ് മിഡില്‍ടണിലെ വീട്ടില്‍ വച്ച് തലയറുത്ത് കൊന്നത്. അനധികൃത കുടിയേറ്റത്തെ ബൈഡന്‍ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് അച്ഛനെ മകന്‍ കൊന്നത്. പിതാവിന്റെ അറുത്തെടുത്ത തല യുട്യൂബ് വീഡിയോയിലൂടെ ഇയാള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
വീഡിയോ പോസ്റ്റ് ചെയ്ത് ആറ് മണിക്കൂര്‍ കഴിഞ്ഞതോടെ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച വരെ ഓണ്‍ലൈനില്‍ നിരവധി പേരാണ് കണ്ടത്. ചോരയിറ്റ് വീഴുന്ന പ്ലാസ്റ്റിക് കവറിനുള്ളിലൂടെയാണ് പിതാവിന്റെ അറുത്തെടുത്ത തല മകന്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാരനായി സേവനമനുഷ്ടിക്കുകയാണ് മൈക്കല്‍. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ജസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്കലിന്റെ തലയറുത്ത് മാറ്റിയ മൃതദേഹം കുളിമുറിയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.