Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍  വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്-അമേരിക്കയിലെ ഇന്ത്യാനയില്‍ ഞായറാഴ്ച കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാമ്പസില്‍ കണ്ടെത്തി. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യ ആണ് മരിച്ചത്. സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. നീലിനെ കാണാനില്ലെന്ന് ഞായറാഴ്ച രാവിലെ 11.30നാണ് അമ്മ ഗൗരി ആചാര്യ പരാതിപ്പെട്ടത്. ഊബര്‍ ഡ്രൈവര്‍ മകനെ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചതായി ഒടുവില്‍ വിവരം ലഭിച്ചിരുന്നു. നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു 'ഞങ്ങളുടെ മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ല. അവന്‍ യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. അവനെ അവസാനമായി കണ്ടത് പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ എത്തിച്ച ഊബര്‍ ഡ്രൈവറാണ്. അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ.'
ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഗൗരി ആചാര്യയുടെ പോസ്റ്റിന് മറുപടി നല്‍കിയിരുന്നു, കോണ്‍സുലേറ്റ് പര്‍ഡ്യൂ യൂണിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കും എന്നാണ് അറിയിച്ചത്. പിന്നാലെയാണ് ക്യാമ്പസില്‍ നിന്ന് നീലിന്റെ മൃതദേഹം ലഭിച്ചത്. നീല്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ല. നീലിന്റെ മൃതദേഹം കണ്ടെത്തിയതായി തിങ്കളാഴ്ച വകുപ്പ് മേധാവി ഇമെയില്‍ വഴി അറിയിക്കുകയായിരുന്നു.
ഞങ്ങളുടെ വിദ്യാര്‍ത്ഥികളിലൊരാളായ നീല്‍ ആചാര്യ അന്തരിച്ചുവെന്ന് ഞാന്‍ നിങ്ങളെ വളരെ സങ്കടത്തോടെ അറിയിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു ' കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ക്രിസ് ക്ലിഫ്റ്റണ്‍ ഇ-മെയിലില്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു.
കഴിഞ്ഞയാഴ്ച ജോര്‍ജിയയിലെ ലിത്തോനിയയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഒരു നാടോടി ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയിരുന്നു. വിവേക് സെയ്നി എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

Latest News