കാലിഫോര്‍ണിയ- ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്കിന്റെ ചിപ്പ് മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. രോഗിയില്‍ ബ്രെയിന്‍-ചിപ്പ് ഘടിപ്പിച്ചെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പ്രതീക്ഷ നല്‍കുന്നതാണ് ആദ്യ ഫലങ്ങളെന്നും മസ്‌കിന്റെ എക്‌സ് കുറിപ്പില്‍ പറയുന്നു.
മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് 2016ല്‍ മസ്‌ക് ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി സെപ്റ്റംബറില്‍ ലഭിച്ചതിന് ശേഷം പദ്ധതിയുമായി സഹകരിച്ച് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ളവരെ കമ്പനി ക്ഷണിച്ചിരുന്നു. ഇതിന് റജിസ്‌ട്രേഷന്‍ ഫോറം കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തു.
തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നതിന് എത്ര പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുരങ്ങന്‍മാരില്‍ ബ്രെയിന്‍ ചിപ്പ് പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് യു. എസ് ആസ്ഥാനമായ മൃഗാവകാശ സംഘടന ന്യൂറാലിങ്കിനെതിരെ രംഗത്തുവന്നിരുന്നു. ചിപ്പുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ പീഡിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. തലയോട്ടിയില്‍ സ്റ്റീല്‍ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ഫേഷ്യല്‍ ട്രോമ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളാണ് കുരങ്ങുകള്‍ നേരിടുന്നതെന്നാണ് മൃഗസ്‌നേഹികള്‍ ആരോപിച്ചത്.
ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ഒരു കുരങ്ങന്‍ വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ ഇലോണ്‍ മസ്‌ക് പുറത്തുവിട്ടിരുന്നു.
ബ്രെയിന്‍ ഇംപ്ലാന്റിനായുള്ള ക്ലിനിക്കല്‍ ട്രയലില്‍ കഴുത്തിലെ ക്ഷതമോ തളര്‍വാതമോ ബാധിച്ച രോഗികളും ഉള്‍പ്പെടാം. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം.