റിയാദ്- സൗദി അറേബ്യയിലെ ഭക്ഷണ ശാലകളിൽ വിൽക്കുന്ന ഉൽപന്നങ്ങൾ ട്രാൻസ് ഫാറ്റ് വിമുക്തമാണെന്ന സമ്മതിപത്രം കരസ്ഥമാക്കിയതിന്റെ പേരിൽ ലോകാരാഗ്യ സംഘടന സൗദി അറേബ്യയെ ആദരിച്ചു. സൗദിക്ക് പുറമെ ഡെന്മാർക്ക്,ലിത്വാനിയ, പോളണ്ട്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് ഈ പദവി കരസ്ഥമാക്കിയ മറ്റു രാജ്യങ്ങൾ. ഭക്ഷ്യ ഉൽപന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്,പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനായി രാജ്യം ഏർപ്പെടുത്തിയ നയങ്ങളുടെ ഫലമായാണ് ഈ അപൂർവ്വ നേട്ടത്തിന് സൗദി അറേബ്യ അർഹത നേടിയിരിക്കുന്നത്. ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അതോറിറ്റി സി.ഇ.ഒ പ്രൊഫസർ ഡോ. ഹിഷാം ബിൻ സഅദ് അൽ ജഹ്ദഇ ലോകാരോഗ്യസംഘടനയുടെ സമ്മതിപത്രം ഏറ്റു വാങ്ങി. ഇതിനായി രാജ്യം സ്വീകരിച്ച നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടത് 2020 ജനുവരി 1-മുതൽ നടപ്പാക്കിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉള്ളടക്കം വെളിപ്പെടുത്തണമെന്ന നിയമമായിരുന്നു.
ഭക്ഷ്യവിഭവങ്ങളിലെ കലോറി പ്രദർശിപ്പിക്കുക, കൃത്രിമ ട്രാൻസ്ഫാറ്റുകളുടെ പ്രധാന ഉറവിടമായ ഹൈഡ്രജൻ എണ്ണകളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കുക, ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കളെ ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ തെരെഞ്ഞെടുക്കാൻ പ്രാത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ സംയക്തമായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുക എന്നിവയായിരുന്നു. ലോകത്താകമാനം ട്രാൻസ് ഫാറ്റ് ഉപയോഗത്തിന്റെ ഫലമായി പ്രതിവർഷം അഞ്ചു ലക്ഷം പേർ മരണത്തിനു കീഴടങ്ങുന്നുവെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ കണക്ക്.
ലക്ഷകണക്കിനാളുകൾ ഹൃദയരോഗമുൾപടെയുള്ളവക്ക് കീഴ്‌പെടുന്നതിനു പുറമെയാണിത്. 2015 മുതൽ ട്രാൻസ് ഫാറ്റുകളുടെ ഉപഭോഗം പരിമിതപ്പെടുത്താൻ സൗദി ഫുഡ് അതോറിറ്റി ശക്തമായി നിയമങ്ങൾ നടപ്പാക്കിത്തുടങ്ങിയിരുന്നു. ഇതനുസരിച്ച് എണ്ണ, നെയ്യ് തുടങ്ങിയവയിൽ ട്രാൻസ് ഫാറ്റുകളുടെ ഉയർന്ന പരിധി 2% ആയും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളിൽ 5% ശതമാനത്തിൽ കൂടരുതെന്നും നിഷ്‌കർശിച്ചിരുന്നു. പൗരന്മാരുടെ വ്യക്തിഗത ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കൊഴുപ്പുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ കാരണമായി രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ഇതു വഴി സാധ്യമായി. കൃത്രിമ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ രാജ്യാന്തര തലത്തിൽ രാജ്യത്തെ കമ്പനികളുടെ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും നടപടികൾ സഹായിച്ചു.
ഭക്ഷ്യ ഉൽപന്നങ്ങൾ പരിശോധിക്കുന്നതിന് അതോറിറ്റിയുടെ ലബോറട്ടറികൾ വികസിപ്പിക്കുന്ന നടപടികളും ഈയവസരത്തിലുണ്ടായിരുന്നു. ട്രാൻസ് ഫാറ്റ് നിർമാർജ്ജനത്തിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്തിന്റെ നടപടിക്രമങ്ങളുടെ മികവ് കണക്കിലെടുത്ത്, അതോറിറ്റിയുടെ ഹെൽത്തി ഫുഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ ബിൻ ഫഹദ് ബിൻ സുനൈദിനെ കൃത്രിമ ട്രാൻസ് ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ഉപദേശക സമിതിയുടെ തലവനായി നിയമിച്ചതും സൗദിക്ക് അംഗീകാരമായി മാറി. പൊതുജനാരോഗ്യസംരക്ഷണ രംഗത്ത് ലോകാരോഗ്യ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് ആദരത്തിനു നന്ദി പറഞ്ഞു കൊണ്ട് സൗദി പ്രതിനിധി ഡോ. ഹിഷാം ബിൻ സഅദ് അൽ ജഹ്ദഇ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)