ന്യൂഡൽഹി - കടൽ യാത്രക്കാരുടെ പേടി സ്വപ്‌നമായ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പൽ കൂടി ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 19 പാകിസ്താൻ ജീവനക്കാരെയും ഇന്ത്യൻ സേന രക്ഷപ്പെടുത്തി.
ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാർ നാവികസേനയുടെ കസ്റ്റഡിയിലാണ്. ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ അൽ നയീമിയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ യാത്രാമധ്യേ തട്ടിയെടുത്തിരുന്നത്. സായുധരായ 11 കടൽക്കൊള്ളക്കാരാണ് കപ്പൽ തട്ടിയെടുക്കലിന് നേതൃത്വം നൽകിയിരുന്നത്. തുടർന്ന് കപ്പലിലുണ്ടായിരുന്ന പാകിസ്താൻ സ്വദേശികളായ 19 ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.
ബന്ദികൾ ആരോഗ്യവാൻമാരാണെന്നാണ് വിവരം. 36 മണിക്കൂറിനിടെ, ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്ന രണ്ടാമത്തെ വിദേശ കപ്പലാണിത്. ഇതിനു മുമ്പ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരാണുണ്ടായിരുന്നത്. കൊച്ചി തീരത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ വച്ചാണ് ഈ കപ്പൽ തട്ടിയെടുത്തിരുന്നത്. കടൽക്കൊള്ളക്കാർ കപ്പലിനുള്ളിൽ കടന്ന് ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ഐ.എൻ.എസ് സുമിത്ര എന്ന യുദ്ധക്കപ്പൽ കുതിച്ചെത്തി ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. അതിനിടെ, കടൽകൊള്ളക്കാർ തട്ടിയെടുത്ത ആറു ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെയും ഇന്ത്യയുടെ പിന്തുണയോടെ മോചിപ്പിച്ചിട്ടുണ്ട്. അടുത്തിടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ നാവികസേന ഏദൻ ഉൾക്കടലിലേക്ക് അയച്ച് വീരഗാഥ രചിച്ചത്. കടലിലെ എല്ലാ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സമുദ്ര ഭീഷണികൾക്കുമെതിരെ പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ നാവികസേന ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു.