വിമാനയാത്രക്കിടെ ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട് ഛര്‍ദിച്ച നടി അഹാനകൃഷ്ണക്ക് രക്ഷകരായി സഹയാത്രികര്‍. ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യാത്ര. 45 മിനിറ്റ് യാത്രക്കിടെ നാല് തവണ ഛര്‍ദ്ദിച്ചതായി അഹാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തലേദിവസം കഴിച്ച ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതാണെന്ന് ഉറപ്പാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള മോഷന്‍ സിക്‌നസ് ഒന്നും എനിക്കില്ല. യാത്ര തുടങ്ങും മുന്‍പ് തന്നെ വല്ലാത്തൊരു പന്തികേട് തോന്നിയിരുന്നു. എന്നാല്‍ ഛര്‍ദ്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. യാത്ര ആരംഭിച്ചപ്പോള്‍ തന്നെ ബുദ്ധിമുട്ട് തുടങ്ങി- അഹാന പറഞ്ഞു.
അടുത്തുണ്ടായിരുന്ന സഹയാത്രികന്‍ രക്ഷകനായി. യാത്രയുടെ അവസാനം വരെ എന്റെ ബാഗ് പിടിച്ചിരുന്നത് അദ്ദേഹമാണ്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഛര്‍ദ്ദിക്കുന്ന തന്നെക്കുറിച്ച് മറ്റുള്ള യാത്രക്കാര്‍ എന്ത് കരുതുമെന്നായിരുന്നു മനസില്‍. ഇന്‍ഡിഗോ വിമാനത്തിലെ ഛര്‍ദ്ദിക്കാനുള്ള ബാഗായിരുന്നു എന്റെ ഏക ആശ്രയം. മനസിന് വല്ലാതെ വിഷമം തോന്നിയെന്നും അഹാന പറഞ്ഞു.
ഒപ്പം യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറും മറ്റ് യാത്രക്കാരും എനിക്ക് സഹായങ്ങള്‍ ചെയ്തു. ആ സമയത്ത് എനിക്കൊപ്പമുണ്ടായിരുന്ന പലരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു. ഛര്‍ദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തില്‍ എയര്‍ ഹോസ്റ്റസ് എത്തി സമാധാനിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ പൈലറ്റും എത്തി സുഖവിവരം അന്വേഷിച്ചു. അത്രക്ക് മോശമായിരുന്നു തന്റെ അവസ്ഥയെന്നും താരം പറഞ്ഞു.