കൊൽക്കത്ത - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് പശ്ചിമ ബംഗാളിലെ മാൽഡയിൽ അനുമതി നിഷേധിച്ചു. മാൽഡ ഗസ്റ്റ് ഹൗസിൽ 31ന് ഉച്ചഭക്ഷണത്തിനുള്ള അപേക്ഷയാണ് മാൽഡ ഗസ്റ്റ് ഹൗസ് തള്ളിയത്.
ബംഗാൾ മുഖ്യമന്ത്രിയും ഇന്ത്യാ മുന്നണിയിലെ ഘടകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ അധ്യക്ഷയുമായ മമത ബാനർജി അന്നേദിവസം മാൽഡയിൽ എത്തുന്നതിനാലാണ് അനുമതി നിഷേധിച്ചത്. ബീഹാറിൽ പര്യടനത്തിലുള്ള ജാഥ 31-നാണ് ബംഗാളിലെ മാൽഡയിൽ എത്തുക. അന്ന് മാൽഡ ഗസ്റ്റ് ഹൗസിൽ വച്ച് ഭക്ഷണം കഴിക്കാനായിരുന്നു രാഹുൽഗാന്ധിയുടെ തീരുമാനം. ഇതനുസരിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം ഗസ്റ്റ് ഹൗസിൽ അപേക്ഷ നല്കിയെങ്കിലും മുഖ്യമന്ത്രി എത്തുന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് അപേക്ഷ തള്ളുകയായിരുന്നു.
സിലുഗിരിയിലെ പൊതുപരിപാടിക്കും ബംഗാൾ സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പോലീസ് റിക്രൂട്ട്മെന്റ് നടപടി നടക്കുന്നതിനാൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിലുഗുരിയിൽ റാലിക്ക് അനുമതി നിഷേധിച്ചത്.