ന്യൂഡൽഹി - യു.പിയിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ സർവേയുടെ സ്റ്റേ സുപ്രിംകോടതി നീട്ടി. സർവേ നടത്താൻ കമ്മിഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 16-നാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. കേസ് ഏപ്രിലിൽ പരിഗണിക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ നേരത്തെ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു. പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാർത്ഥ സ്ഥാനം അറിയാൻ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമുള്ള ആവശ്യം അംഗീകരിച്ചായിരുന്നു നടപടി. ഈ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയെ സമീപിക്കുകയും ജനുവരി 16ന് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരുന്നു. ഈ സ്റ്റേ ഉത്തരവാണിപ്പോൾ സുപ്രിംകോടതി നീട്ടിയത്.