ന്യൂഡൽഹി - 15 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 56 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. അന്നേദിവസം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 15-ാണ് നാമനിർദേശിക പത്രിക സമർപ്പിക്കാനുളള അവസാന തിയ്യതി.
13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയും രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് അംഗങ്ങൾ ഏപ്രിൽ മൂന്നിന് വിരമിക്കുകയും ചെയ്യുന്ന സഹാചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഒഡിഷ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.