ന്യൂഡൽഹി - ലൈംഗിക പീഡനക്കേസിലെ പ്രതിയായ സർക്കാർ മുൻ സീനിയർ പ്ലീഡർ പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
മനു പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണം. കീഴടങ്ങിയാൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണമെന്നും അതേ ദിവസംതന്നെ ജാമ്യാപേക്ഷ പരിഗണിക്കാനും കോടതി നിർദേശിച്ചു.
ഒരു പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി.ജി മനുവിനെതിരെ പോലീസ് കേസെടുത്തത്. നേരത്തെ കേസിൽ കീഴടങ്ങാൻ മനുവിന് പത്തുദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചെങ്കിലും പാലിച്ചിരുന്നില്ല. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ഓഫീസിലും മറ്റു സ്ഥലത്തുവെച്ചുമെല്ലാം മനു ഇരയെ പീഡിപ്പിച്ചതായാണ് മൊഴി. ജാമ്യത്തെ എതിർത്ത് കേസിലെ അതിജീവിതയും സുപ്രീം കോടതിയിൽ തടസ്സഹരജി നല്കിയിരുന്നു. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.