കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായ കഫേ കുടുംബശ്രീ ഇനി വേറെ ലെവലിൽ. കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ കഫേ കുടുംബശ്രീ പ്രീമിയം ബ്രാൻഡ് ശൃംഖല പ്രവർത്തനമാരംഭിക്കുന്നു. സംസ്ഥാനത്തെ ആദ്യ പ്രീമിയം കഫേ അങ്കമാലിയിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്റോറന്റുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വാസ്യത, കൈപുണ്യം എന്നിവ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തിൽ നിന്നാണ് കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്റ് റസ്റ്റോറന്റുകളുടെ ആരംഭം. അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂർ എന്നിവിടങ്ങളിലും പ്രീമിയം ബ്രാൻഡ് റസ്റ്റോറന്റുകൾ ആരംഭിക്കുന്നുണ്ട്.
കുടുംബശ്രീ മേളകളിലൂടെ ജനപ്രിയമായ കുടുംബശ്രീയുടെ തനത് വിഭവങ്ങൾക്കൊപ്പം പ്രാദേശിക ഭഷ്യ വൈവിധ്യങ്ങളുടെയും സ്വാദ് കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകളിലൂടെ അറിയാം. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തിയാണ് കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റ് ജനങ്ങളിലേക്ക് എത്തുന്നത്. അങ്കമാലിയിൽ ആരംഭിച്ച കേരളത്തിലെ ആദ്യ പ്രീമിയം കുടുംബശ്രീ റസ്റ്റോറന്റിൽ അങ്കമാലിയുടെ തനത് വിഭവങ്ങൾക്കൊപ്പം കുടുംബശ്രീയുടെ മേളകളിലൂടെ ജനപ്രിയമായ വിഭവങ്ങളും ലഭ്യമാകും.
അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിർവശമാണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. സംരംഭകയായ അജിത ഷിജോയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഇരുപതോളം കുടുംബശ്രീ പ്രവർത്തകരാണ് ഇവിടെയുള്ളത്. കുടുംബശ്രീയുടെ ജനപ്രിയമായ വന സുന്ദരി, ഗന്ധക ചിക്കൻ എന്നിവയോടൊപ്പം അങ്കമാലിയുടെ പ്രാദേശിക വിഭവങ്ങളായ മാങ്ങാക്കറി, ബീഫും കൂർക്കയും, പോർക്കും കൂർക്കയും തുടങ്ങിയവയും ലഭ്യമാകും. കുടുംബശ്രീയുടെ പുതിയ വിഭവമായ കൊച്ചി മൽഹാർ (കാരച്ചെമ്മീൻ - ടൈഗർ പ്രോൺ) കൊണ്ടുണ്ടാക്കിയ വിഭവം, ഗന്ധക ചിക്കൻ, ഫിഷ് തവ ഫ്രൈ, ചിക്കൻ വറുത്തരച്ചത് തുടങ്ങിയ വിഭവങ്ങളാണ് ഉദ്ഘാടന ദിവസം വിളമ്പിയത്.
പുതുമകളോടെ, ശീതികരിച്ച് മനോഹരമായാണ് റസ്റ്റോറന്റ് രൂപകൽപന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സൽ സർവീസ്, ഓൺലൈൻ സേവനങ്ങൾ, ശുചിമുറി, പാർക്കിംഗ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകളിൽ സജ്ജമായിരിക്കുന്നത്.