റബർ വിപണിയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഉൽപാദകന് അനുകൂലമായി കാറ്റ് വീശുന്നു. പ്രമുഖ ഉൽപാദന രാജ്യങ്ങളിൽ ഇലപൊഴിച്ചിൽ ആരംഭിച്ചതിനാൽ പ്രതീക്ഷിച്ചതോതിൽ കരുതൽ ശേഖരം ഉയർത്താൻ വ്യവസായികൾക്കായില്ല. വൻകിട ടയർ നിർമാതാക്കളുടെ ഗോഡൗണുകളിൽ കാര്യമായ റബറില്ലെന്നാണ് കമ്പനി സ്‌പ്ലെയർമാരുടെ വിലയിരുത്തൽ. ഏറെ നാളുകളായി നിശ്ചിത റേഞ്ചിൽ രാജ്യാന്തര മാർക്കറ്റിനെ തളച്ചിട്ട് റബർ സംഭരിക്കുകയായിരുന്നു പല വൻകിട ടയർ ബ്രാൻഡുകൾ. എന്നാൽ ആഗോള വിപണിയിൽ പെടുന്നനെയുണ്ടായ വിലക്കയറ്റം കണ്ട് പകച്ചു നിൽക്കുകയാണ് വാങ്ങലുകാർ. ജാപാനീസ് എക്‌സ്‌ചേഞ്ചിൽ റബർ ബുൾ ഓപറേറ്റർമാരുടെ നിയന്ത്രണത്തിലാണ്. ചൈന ന്യൂ ഇയർ ആഘോഷങ്ങളിലേയ്ക്ക് തിരിയും മുന്നേ പരമാവധി കച്ചവടങ്ങൾ ഉറപ്പിക്കാൻ അവർ നീക്കം നടത്തി. ഇത് ചൈനയിൽ മാത്രമല്ല, ജപ്പാൻ, സിംഗപ്പുർ എക്‌സ്‌ചേഞ്ചിലും റബറിന് ഡിമാന്റ് ഉയർത്തി. ഇതിനിടയിൽ യു.എസി ലേയ്ക്കും ചൈനയിലേയ്ക്കുമുള്ള ടയർ കയറ്റുമതി വർധിച്ചുവെന്ന ജപ്പാൻ വെളിപ്പെടുത്തലും വിപണിക്ക് അനുകൂലം.മുഖ്യ റബർ ഉൽപാദന രാജ്യങ്ങളിൽ പകൽ ചൂടിൽ ഇലപൊഴിച്ചിൽ ആരംഭിച്ചത് ടാപ്പിംഗ് രംഗം മന്ദഗതിയിലാക്കും. ജനുവരി നവംബർ കാലയളവിൽ ഇന്ത്യയുടെ റബർ ഇറക്കുമതി 9.3 ശതമാനം കുറഞ്ഞത് ടയർ വ്യവസായികളെ ശ്വാസം മുട്ടിക്കുന്നു. ജപ്പാനിൽ റബർ കിലോ 229 യെന്നിൽ നിന്നും 287 യെന്നിലേയ്ക്ക് ഉയർന്നു. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 296 യെന്നിലേയ്ക്ക് അടുക്കുന്നതിനിടയിൽ ശക്തമായ ലാഭമെടുപ്പിന് സാധ്യത. കേരളത്തിൽ നാലാം ഗ്രേഡ് 16,000 രൂപയിൽ നിന്നും 16,500 ലേയ്ക്ക് കയറി. അഞ്ചാം ഗ്രേഡ് 400 രൂപ ഉയർന്ന് 16,100 രൂപയായി. നാളികേര വിളവെടുപ്പ് പുരോഗമിക്കുമ്പോഴും പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപന ചൂടുപിടിച്ചില്ല. മാസാരംഭമായതിനാൽ വില ഉയർത്താനാവുമെന്ന പ്രതീക്ഷയിൽ മില്ലുകാർ കൊപ്ര വില 200 രൂപ ഉയർത്തി 9200 ലേയ്ക്ക് കയറിയെങ്കിലും എണ്ണ വില വാരാന്ത്യം 14,200 ലാണ്. കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചതിനിടയിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ വില ഇടിച്ചു. കൊച്ചി മാർക്കറ്റിൽ വരവ് 200 ടൺ മുളകാണ്. ഗാർബിൾഡ് കുരുമുളക് 60,500 രൂപയിൽ നിന്നും 59,700 ലേയ്ക്ക് താഴ്ന്നു. രാജ്യാന്തര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7400 ഡോളർ.