ലഖ്‌നൗ-വരുമാനമില്ലെങ്കിൽ പോലും ഭർത്താവിന് അവിദഗ്ധ തൊഴിലാളിയായി ദിവസം 300 മുതൽ 400 രൂപ സമ്പാദിക്കാമെന്നിരിക്കെ, ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. വേർപിരിഞ്ഞ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് രേണു അഗർവാളിന്റെ ഉത്തരവ്. ഭാര്യക്ക് ലഭിക്കാനുള്ള ജീവനാംശം മുഴുവൻ നൽകാനും ഇതിന് ആവശ്യമായ വഴികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.
ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) സെക്ഷൻ 125 പ്രകാരം ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് 2023 ഫെബ്രുവരി 21-നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചത്.
2015-ലാണ് ഇവർ വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്, ഭാര്യ ഭർത്താവിനും അമ്മായിയമ്മയ്ക്കും എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുകയും 2016 ൽ ഭർത്താവിന്റെ വീടുവിട്ടുപോകുകയും ചെയ്തു. തന്റെ ഭാര്യ ബിരുദധാരിയാണെന്നും അധ്യാപനത്തിൽനിന്ന് പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുന്നതിൽ പ്രിൻസിപ്പൽ ജഡ്ജി പരാജയപ്പെട്ടുവെന്നും ഭർത്താവ് ഹൈക്കോടതിയിൽ വ്യക്തമാക്കി. താൻ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയിലാണെന്നും വ്യക്തമാക്കിയ ഭർത്താവ്, താൻ ഒരു കൂലിപ്പണിക്കാരനാണെന്നും വാടകമുറിയിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപനത്തിൽനിന്ന് ഭാര്യ 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഭർത്താവിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാതാപിതാക്കളും സഹോദരിമാരും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കൃഷിയിൽ നിന്നും കൂലിപ്പണി ചെയ്തുമാണ് താൻ സമ്പാദിക്കുന്നത് എന്നുമുള്ള യുവാവിന്റെ വാദവും പരിഗണിച്ചില്ല. ഇദ്ദേഹം ആരോഗ്യവാനാണെന്നും ശാരീരിക അധ്വാനത്തിലൂടെ പണം സമ്പാദിക്കാൻ കഴിവുള്ളയാളാണെന്നും കോടതി വിലയിരുത്തി.