Sorry, you need to enable JavaScript to visit this website.

യുവാക്കള്‍ ജോലി തേടി യുദ്ധം നടക്കുന്ന ഇസ്രായിലില്‍ പോകാന്‍ ക്യൂ നില്‍ക്കുന്നു; ഇത് ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി-ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ജോലിക്കായി യുദ്ധം തുടരുന്ന ഇസ്രായിലിലേക്ക് പോകാന്‍ ക്യൂ നില്‍ക്കുകയാണെന്നും ഇതാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള  ഹൃദയഭേദകമായ സത്യമെന്നും  കോണ്‍ഗ്രസ് വക്താവും എഐസിസി മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാനുമായ പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
140 കോടി ഇന്ത്യക്കാര്‍ ബി.ജെ.പി അടിച്ചേല്‍പ്പിച്ച നീതി നിഷേധത്തിലാണ് ജീവിക്കുന്നതെന്നും കോണ്‍ഗ്രസ് നിര്‍ദേശങ്ങളിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സംഭവത്തിന്റെ അമ്പരപ്പുണ്ടാക്കി അതിനു പിന്നില്‍ യാഥാര്‍ഥ്യങ്ങളെ മറയ്ക്കാനുള്ള വിദ്യയാണ് ബിജെപി സര്‍ക്കാര്‍ പയറ്റുന്നതെന്നും രാജ്യത്തിനും അവരുടെ കീഴിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും അതാണ് സംഭവിക്കുന്നതെന്നും പവന്‍ ഖേര പറഞ്ഞു.

യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് പോയി  തൊഴിലാളികളാകാന്‍ രാജ്യത്തെ യുവാക്കള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? പ്രതിമാസ വരുമാനം മിനിമം വേതനത്തിന് താഴെ വെറും 10,000 രൂപ മാത്രമാണെന്നതാണ് കാരണം. അതേസമയം ഇസ്രായില്‍ അതിന്റെ 13-14 ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ 60,000 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവുകളിലേക്ക് 51 ലക്ഷം അപേക്ഷകരുണ്ടെന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥയെന്നും ഖേര പറഞ്ഞു.
140 കോടി ഇന്ത്യക്കാര്‍ ബിജെപിയുടെ ദുര്‍ഭരണം അടിച്ചേല്‍പ്പിച്ച അന്യായ കാലത്താണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ അന്തിമ ബജറ്റ് അവതരിപ്പിക്കുമെന്നും മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും 'വിക്ഷിത് ഭാരത്' എന്ന പൊള്ളയായ മുദ്രാവാക്യം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഈ ബജറ്റ് ഇന്ത്യയുടെ തിളങ്ങുന്ന അതിഗംഭീരമായ ചിത്രത്തിന്റെ വിപുലീകരണം മാത്രമായിരിക്കും, അവിടെ ധനമന്ത്രി പ്രധാന്‍ മന്ത്രിജിയെ പ്രശംസിക്കുന്ന ഖണ്ഡികകളും  ധാരാളം ഉപരിപ്ലവമായ അവകാശവാദങ്ങളും വായിക്കും- ഖേര പറഞ്ഞു.
ഇന്ത്യന്‍ ജനതയുടെ പകുതി (71 കോടി) ആളുകള്‍ക്ക് പ്രതിവര്‍ഷം 3,87,000 രൂപയോ അതില്‍ കുറവോ വരുമാനമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു. ഒരു മാസം 32,000 അല്ലെങ്കില്‍ അതില്‍ കുറവാണ് വരുമാനമെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യം പ്രവചിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

 


ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു

അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം


 

Latest News