ന്യൂദൽഹി- കളംമാറുകയെന്നത് നിതീഷ് കുമാറിന് ഒരു പുതിയ അനുഭവമല്ല. രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് തരാതരം പോലെ മുന്നണി മാറിയ പാർട്ടിയുടെ നേതാവാണ് നിതീഷ് കുമാർ. എൻ.ഡി.എയിലേക്കുള്ള മാറ്റം സാധ്യമായതോടെ 72കാരനായ നിതീഷ് കുമാറിന്റെ അഞ്ചാം തവണത്തെ കാലുമാറ്റമാണിത്. 1977ൽ കോൺഗ്രസ്സിനേയും ഇന്ദിരാഗാന്ധിയേയും എതിർക്കാൻ രൂപവത്കരിച്ച ജനത പാർട്ടി മുതലാണ് ജെ.ഡി.യുവിന്റെ ഉത്ഭവം. നിരവധി പിളർപ്പുകൾക്ക് ശേഷം 1999ൽ ബി.ജെ.പി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക്ക് അലൈൻസി(എൻ.ഡി.എ)നെ പിന്തുണക്കാൻ ജനത പാർട്ടി തീരുമാനിച്ചതോടെയാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു ജനിക്കുന്നത്.
ബി.ജെ.പി ബന്ധത്തിൽ പ്രതിഷേധിച്ച് ദേവെ ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം ജനതാ പാർട്ടി വിട്ട് ജനതാദൾ സെക്ക്യുലർ( ജെ.ഡി.എസ്) രൂപവത്കരിച്ചു.എൻ.ഡി.എ സഖ്യത്തെ പിന്തുണക്കാൻ തീരുമാനിച്ച ജനതാ പാർട്ടിയിലെ ശേഷിക്കുന്നവർ ജനതാദൾ യുനൈറ്റഡ്(ജെ.ഡി.യു)ആയി മാറുകയും ചെയ്തു. പിന്നീട് 2003ൽ മറ്റു ചെറുപാർട്ടികളെ കൂടി ലയിപ്പിച്ച് ജെ.ഡി.യു പുനഃസംഘടിപ്പിച്ചു. ഇതോടെ 2003 മുതൽ ജെ.ഡി.യു ബിഹാറിലെ നിർണായ ശക്തിയായി മാറി.
ജനതാ പാർട്ടിയിൽ നിന്ന് തന്നെ പിരിഞ്ഞുപോയ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡിയുടെ മുഖ്യ എതിരാളിയായി മാറുകയും ചെയ്തു. 2005ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യു മികച്ച നേട്ടം കൊയ്തു. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ആർ.ജെ.ഡിക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടി ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചു. നിതീഷ് കുമാർ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. ഇവിടം മുതലാണ് ബിഹാറിന്റേയും രാഷ്ട്രീയത്തിൽ നിതീഷ് യുഗം പിറക്കുന്നത്.
2010ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പിയുമായി ചേർന്ന് നിതീഷ് ബിഹാറിൽ സർക്കാർ രൂപവത്കരിച്ചു. എന്നാൽ, ബി.ജെ.പി ബന്ധം തുടരുന്നതിനിടെ 2013ൽ നിതീഷ് കുമാർ ആദ്യകാലുമാറ്റം നടത്തി. നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനക്കിയതോടെ 2013 ജൂൺ 16നാണ് പതിനേഴ് വർഷത്തെ എൻ.ഡ.ിഎ ബന്ധം ഉപേക്ഷിച്ച് നിതീഷ് ആദ്യകളം മാറ്റം നടത്തിയത്. തുടർന്ന് 2015ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും കോൺഗ്രസ്സുമായി ചേർന്ന് മഹാസഖ്യം രൂപവത്കരിക്കുകയും വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.
എന്നാൽ, സർക്കാർ കലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് 2017 ജൂലൈ 26ന് നിതീഷ് കുമാർ മഹാസഖ്യം വിട്ടു. ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജ്വസി യാദവിനെതിരെ അഴിമതി ആരോപണമുണ്ടെന്നും രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്യുന്നില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു കാലുമാറ്റം. തൊട്ടുപിന്നാലെ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 2020ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിനൊപ്പം മത്സരിച്ച് ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരിച്ചു. എന്നാൽ, സർക്കാർ കുറിച്ച് പിന്നിട്ടതോടെ ജെ.ഡി.യുവിന്റെ ശക്തി ക്ഷയിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് വീണ്ടും കളം മാറി. ആർ.ജെ.ഡിക്കും കോൺഗ്രസ്സിനുമൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി. ഇപ്പോൾ വീണ്ടും ആർ.ജെ.ഡിയേയും കോൺഗ്രസ്സിനേയും ഉപേക്ഷിച്ച് എൻ.ഡി.എ പിന്തുണയോടെ മുഖ്യന്ത്രിയാകാൻ പോകുകയാണ് നിതീഷ് കുമാർ.