ന്യൂദല്‍ഹി - ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ( എ എസ് ഐ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാരാണസിയിലെ ഗ്യാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്നാണ് വി എച്ച് പിയുടെ ആവശ്യം. ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് പള്ളി നിര്‍മിച്ചതെന്ന് എ എസ് ഐ പുറത്തുവിട്ട തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് വി എച്ച് പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പള്ളിയില്‍ ക്ഷേത്ര ഘടനയുള്ള പടിഞ്ഞാറന്‍ മതില്‍, ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പരിഷ്‌കരിച്ചതാണെന്നും റിപ്പോര്‍ട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിംഗത്തിന്റെ ആകൃതിയാണെന്നതും ഇവിടെ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളില്‍ നിന്ന് ഇത് ക്ഷേത്രമാണെന്നതിന്റെ തെളിവാണെന്നും അലോക് വര്‍മ അവകാശപ്പെട്ടു.