Sorry, you need to enable JavaScript to visit this website.

വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു

ന്യൂദല്‍ഹി - ദല്‍ഹിയിയില്‍ വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക കാരണം ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ദല്‍ഹിയിലെ ഷഹ്ദരാ പ്രദേശത്താണ് സംഭവം നടന്നത്. അഞ്ച്  ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍  എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആറരയോടെ വീണ്ടും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ കട്ടിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നതെന്ന് ദല്‍ഹി ഫയര്‍ ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സും പോലീസും പരിസരവാസികളുടെ സഹായത്തോടെയാണ് കെട്ടിടത്തിനുള്ളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുബമ്പോള്‍ എല്ലാവരും അബോധാവസ്ഥയിലായിരുന്നു. പിന്നീടാണ് മരിച്ചത്. 28 ഉം 40 ഉം വയസ്സുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും, 17 വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 70 വയസ്സുള്ള സ്ത്രീയും ചികിത്സയിലാണ്. തീപിടിച്ച നാല് നില കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ ഒരു പടിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ താഴത്തെ രണ്ട് നില കെട്ടിട ഉടമയാണ് ഉപയോഗിച്ചിരുന്നത്. മുകളിലെ രണ്ട് നില വാടകയ്ക്ക് നല്‍കുകയായിരുന്നു, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കെട്ടിട ഉടമയ്‌ക്കെതിരെ കേസെടുത്തതായും ദല്‍ഹി പോലീസ് അറിയിച്ചു.

 

 

 

 

Latest News