ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏക സിവില്‍ കോഡിന് തുടക്കം കുറിക്കാന്‍ ബി ജെ പി ശ്രമം തുടങ്ങി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുക. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ നടപ്പാക്കി ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതിനും അതിലൂടെ രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പ് നടത്തുന്നതിനുമാണ് ബി ജെ പിയുടെ തീരുമാനം. ആദ്യപടിയായി ഉത്തരാഖണ്ഡില്‍ ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അടുത്തമാസം അഞ്ചിന് നിയമസഭ ചേരും. അതിന് ശേഷം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഗുജറാത്തിലും അസമിലും കൂടി നടപ്പാക്കാനാണ് നീക്കം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നതും ഏക സിവില്‍ കോഡ് പരമാവധി സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയെന്നതും ബി ജെ പിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും പ്രധാന അജണ്ടയായിരുന്നു. ഇതില്‍ അയോധ്യ ലക്ഷ്യം കണ്ടു. അതിന് പിന്നാലെയാണ് ഏക സിവില്‍ കോഡില്‍ പിടിമുറുക്കിയത്. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളോടും വിവിധ സംഘടനകളോടും നിയമ കമ്മീഷന്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ നേരത്തെ അഭിപ്രായം തേടിയിരുന്നു.