ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി മസ്ജിദ് സ്ഥലം മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു. ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് മസ്ജിദ് സമുച്ചയം നിര്‍മിച്ചതെന്ന് പുരാവസ്തു വകുപ്പ് സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഹിന്ദു ഹരജിക്കാരുടെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ്‍ പ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. സനാതനികള്‍ അതിനെ സ്വാഗതം ചെയ്തു. എന്നാല്‍ ഞങ്ങളുടെ ആവശ്യം എല്ലായ്‌പ്പോഴും അയോധ്യയും കാശിയും മഥുരയുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. എല്ലാ തെളിവുകളും ലഭിക്കുമ്പോള്‍ കാശി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് മുസ്ലിം സഹോദരന്മരോട് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കഴിയും. സ്വാതന്ത്ര്യത്തിന് ശേഷം ഞങ്ങള്‍ ഒരു പള്ളിയും തകര്‍ത്തിട്ടില്ല, എന്നാല്‍ പാകിസ്ഥാനില്‍ ഒരു ക്ഷേത്രവും അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഞാന്‍ ഇത് പറയുന്നത് ഐക്യത്തിന് വേണ്ടിയാണ്, പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്. ഇത് മാറിയ ഇന്ത്യയാണ്, സനാതനി യുവാക്കള്‍ ഉണര്‍ന്നു കഴിഞ്ഞു- മന്ത്രി പറഞ്ഞു.
ആരെങ്കിലും ബാബറോ ഔറംഗസേബോ ആകാന്‍ ശ്രമിച്ചാല്‍ യുവാക്കള്‍ മഹാറാണാ പ്രതാപ് ആകേണ്ടി വരും. സമാധാനം കാത്തുസൂക്ഷിക്കുന്നുവെന്ന് നിങ്ങള്‍ ഉറപ്പാക്കണം, പന്ത് നിങ്ങളുടെ കോര്‍ട്ടിലാണെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തെക്കുറിച്ചുള്ള എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് ഹിന്ദു,മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നല്‍കുമെന്ന് വാരാണസി കോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
പുരാവസ്തു റിപ്പോര്‍ട്ടിനു പിന്നാലെ ഗ്യാന്‍വാപിയില്‍ സുരക്ഷ ശക്തമാക്കി; ജുമുഅ സമാധാനപരമായി നടന്നു
ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്
എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു; സന്തോഷം പങ്കുവെച്ച് എഴുത്തുകാരി