പട്‌ന - നിതീഷ് കുമാര്‍ ഇന്ത്യയില്‍തന്നെയോ... അതോ എന്‍.ഡി.എയിലേക്ക് മാറുമോ... ബിഹാറില്‍ വീണ്ടും ജെഡിയു-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് തള്ളി ജെ.ഡിയു. പാര്‍ട്ടി ഇപ്പോഴും 'ഇന്ത്യ' മുന്നണിക്കൊപ്പമാണെന്നും എന്നാല്‍ സഖ്യം നിലനിര്‍ത്താന്‍ സീറ്റ് വിഭജനം സംബന്ധിച്ചു കോണ്‍ഗ്രസ് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ജെ.ഡി.യു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് സിംഗ് കുശ്‌വാഹ പറഞ്ഞു.
ബീഹാര്‍ ഭരിക്കുന്ന മഹാസഖ്യത്തില്‍ എല്ലാ കാര്യങ്ങളും ശരിയാണെന്നും ഊഹാപോഹങ്ങള്‍ ചില അജണ്ടകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ ഇന്നലെയും ഇന്നും മുഖ്യമന്ത്രിയെ കണ്ടു. ഇതു പതിവ് കാര്യമാണ്. പ്രചരിക്കുന്ന കിംവദന്തികളില്‍ സത്യമില്ല. പാര്‍ട്ടി എംഎല്‍എമാരോട് പട്‌നയിലേക്ക് എത്താന്‍ പറഞ്ഞിട്ടില്ല.- കുശ്‌വാഹ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും പരസ്പരം അകലം പാലിച്ചതിനെയും അദ്ദേഹം തള്ളി.
ഞങ്ങളുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മറ്റു ഘടകകക്ഷികളോടുള്ള നിലപാടിലും സീറ്റ് പങ്കിടലിലും കുറച്ച് ആത്മപരിശോധന നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ നേതാവ് നിതീഷ് കുമാര്‍ വളരെക്കാലമായി എത്രയും വേഗം തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകണം-ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.