ദ ഹേഗ് -ഗാസയില്‍ വംശഹത്യയിലേക്ക് നയിക്കുന്ന എല്ലാ നടപടികളും ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് ലോക കോടതി ഉത്തരവിട്ടു. ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് ദ ഹേഗിലെ യു.എന്‍ കോടതി ഉത്തരവ്.
ഇസ്രായിലിനെ ഒറ്റപ്പെടുത്തുകയും അവരുടെ കുറ്റകൃത്യങ്ങളെ തുറന്നു കാട്ടുന്നതുമാണ് വിധിയെന്ന് ഹമാസ് പ്രതിനിധി സാമി അബൂസുഹരി പ്രഖ്യാപിച്ചു. കോടതി ഉത്തരവ് നടപ്പാക്കുകയാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോടതി വിധിയെ ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ ഗവീര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു.
തുല്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലെ നിര്‍ണായക വിജയമെന്നാണ് ദക്ഷിണാഫ്രിക്ക വിധിയെ വിശേഷിപ്പിച്ചത്. നീതിക്കു വേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണ് ഇത്. ആഗോള നീതിന്യായ സംവിധാനങ്ങളുപയോഗിച്ച് ഫലസ്തീനും ഗാസക്കും വേണ്ടി പോരാട്ടം തുടരുമെന്ന് കോടതി വിധിയെ സ്വാഗതം ചെയ്ത് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കോടതി വിധിയെ ദക്ഷിണാഫ്രിക്കയും മൂന്നാം ലോക രാജ്യങ്ങളും സന്തോഷത്തോടെയും വലിയ ആശ്വാസത്തോടെയുമാണ് സ്വീകരിച്ചത്. ഉത്തരവ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയും ഭരണകക്ഷിയും പാട്ടും നൃത്തവുമായി ആഘോഷിച്ചു. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം നിര്‍ത്തിവെച്ച് ദ ഹേഗിലെ കോടതി നടപടികള്‍ തല്‍സമയം വീക്ഷിച്ചു.
അതിനിടെ, എല്ലാ അടിസ്ഥാന സൗകര്യങ്ങളും തച്ചുടക്കുന്ന രീതിയിലുള്ള നിരന്തരമായ ഇസ്രായില്‍ ആക്രമണങ്ങളും തണുത്ത കാലാവസ്ഥയും ഗാസയില്‍ മനുഷ്യ ജീവിതം അസാധ്യമാക്കുകയാണെന്ന് അധിനിവിഷ്ട ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശക്കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.