ന്യുദല്‍ഹി- വിദേശ പൗരത്വമുള്ളവരെ വിവാഹം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ വീസ ചട്ടങ്ങളില്‍ പുതിയ ഇളവ് കൊണ്ടുവരുന്നു. വിദേശത്തു വച്ച് വിവാഹം ചെയ്ത ഇന്ത്യക്കാര്‍ തിരികെ നാട്ടിലെത്തുമ്പോള്‍ ടൂറിസ്റ്റ് വീസയിലായിരിക്കും ഇവിടെ എത്തുക. ഇത് ആശ്രിത (എക്സ് 2) വീസയാക്കി മാറ്റുന്ന നടപടികള്‍ ലഘൂകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. നിലവിലെ ചട്ടങ്ങള്‍ പ്രകാരം വിദേശത്ത് വിവാഹം നടത്തിയ ശേഷം ടൂറിസ്റ്റ് വീസയില്‍ ഇന്ത്യയിലെത്തുന്ന ഇണയ്ക്ക് ഇത് ആശ്രിത വീസയാക്കി മാറ്റാന്‍ കഴിയില്ല. രാജ്യത്തിനു പുറത്തു വച്ചു വിവാഹിതരായ ശേഷം ഫിലിപ്പീന്‍സുകാരി ഭാര്യയുമായി നാട്ടിലെത്തിയ ഇന്ത്യക്കാരന് ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രാജ്്നാഥ് സിങിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഈ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'ഇതു സംബന്ധിച്ച ചട്ടങ്ങള്‍ ലഘൂകരിക്കാനാണ് തീരുമാനം. വിവാഹം നടന്ന സ്ഥലം പരിഗണിക്കാതെ വിദേശ ഇണയ്ക്ക് അവരുടെ ടൂറിസ്റ്റ് വീസ ആശ്രിയ വീസയാക്കി മാറ്റി നല്കാന് ഇനി കഴിയും,' മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് പറഞ്ഞു. വീസ മാന്വല്‍ പ്രകാരം വിവാഹം ഇന്ത്യയില്‍ നടത്തിയവര്‍ക്കു മാത്രമെ ടൂറിസ്റ്റ് വീസ ആശ്രിത വീസയാക്കി മാറ്റാന്‍ വകുപ്പുള്ളു. വീസ മാറ്റണമെങ്കില്‍ ഇണയ്ക്ക് സ്വന്തം രാജ്യത്തേക്കു തിരിച്ചു പോയി പുതിയ ആശ്രിത വീസയില്‍ തിരിച്ചെത്താം എന്നതായിരുന്നു ചട്ടം. ഈ ചട്ടമാണ് എടുത്തു മാറ്റുക. അതേസമയം ഈ സൗകര്യം പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സുഡാന്, ഇറാഖ്, പാക്കിസ്ഥാന് വംശജരായ മറ്റു രാജ്യക്കാര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ലഭ്യമല്ല.