ന്യൂദല്‍ഹി -സ്ത്രീ ശക്തി വിളിച്ചോതിക്കൊണ്ട് രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷം നടത്തി. സ്ത്രീ ശക്തി മുന്‍നിര്‍ത്തി ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെയും സൈനിക ശക്തിയുടെയും പ്രകടനമാണ് കര്‍ത്തവ്യപഥില്‍ നടന്നത്. വനിതാ പ്രാതിനിധ്യം കൂടിയ ഇത്തവണത്തെ പരേഡില്‍ 'വികസിത ഭാരതം', 'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്' എന്നിവയായിരുന്നു പ്രമേയങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.
ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികള്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകള്‍. ഫ്‌ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി. പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ത്തവ്യപഥില്‍ എത്തിയത്.